മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFI) സമാപന ചടങ്ങിൽ കന്താര സിനിമയിലെ പഞ്ചുരുളി, ഗുളിക ദൈവം എന്നിവരുടെ ചലനങ്ങളെ പരിഹാസപരമായി അനുകരിച്ചുവെന്നാരോപിച്ചാണ് നടപടി.
തുളുനാട്ടിലെ വിശുദ്ധ ദൈവക്കോലങ്ങളെ അപമാനിച്ചുവെന്നും, ചാമുണ്ടിയെ “പെൺ പ്രേതം” എന്ന് വിളിച്ച് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഇത്തരമൊരു പെരുമാറ്റം ഒഴിവാക്കണമെന്ന് കന്താര സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അഭ്യർഥിച്ചിട്ടും രൺവീർ സിങ് അത് തുടരുകയായിരുന്നു. ദേവതയെ പ്രേതമായി വിശേഷിപ്പിക്കുന്നത് കുറ്റകരവും വിശ്വാസങ്ങളോടുള്ള ഗുരുതരമായ അപമാനവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അഭിഭാഷകൻ പ്രശാന്ത് മേത്തലാണ് പരാതി നൽകിയത്. തീരദേശ കർണാടകയിലെ പരമ്പരാഗത ഭൂതകോല ആചാരങ്ങളിൽ ആരാധിക്കപ്പെടുന്ന ചാമുണ്ടി തന്‍റെ കുടുംബ ദേവത കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ ബി.എൻ.എസ് (BNS) നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സെക്ഷൻ 196, 299, 302 എന്നിവ പ്രകാരമാണ് കേസ്. കേസിന്‍റെ അടുത്ത കോടതി വാദം 2026 ഏപ്രിൽ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്.
സംഭവം അന്നുതന്നെ വിവാദമാവുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ, തന്‍റെ ഉദ്ദേശ്യം ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുക മാത്രമായിരുന്നുവെന്നും, ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി രൺവീർ സിംഗ് ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണം നടത്തിയിരുന്നു.