ലൈവായി 'ചിക്നി ചമേലി' പാട്ട് പാടിയതിന് പിന്നാലെ വന്ന ട്രോളുകളോട് പ്രതികരിച്ച് ഗായിക ശ്രേയ ഘോഷാല്‍. 'ചികിനി ചമേലി' പോലെയുള്ള പാട്ടുകള്‍ ഇനി പാടില്ല എന്ന് പറഞ്ഞതിന് ശേഷം ലൈവായി ഗാനം പാടിയതിനു പിന്നാലെയാണ് ശ്രേയക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ് ശ്രേയ. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടിയതെന്നും ഇനി അതുപോലെയുള്ള പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്നും ശ്രേയ പറഞ്ഞു.
'ചിക്‌നി ചമേലി' പാട്ടിനെക്കുറിച്ച് ഞാൻ പറഞ്ഞത് ഉറച്ച ബോധ്യത്തിലാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അതേ ഗാനം ഞാൻ ലൈവ് ആയി അവതരിപ്പിച്ചു എന്നതും വസ്തുതയാണ്. ഇതിനാണ് എനിക്ക് ട്രോളുകൾ ലഭിക്കുന്നത്. എനിക്ക് ആ ഗാനം ഇഷ്ടമാണ്. അതുകൊണ്ടാണ് അത് പാടുന്നത്. പക്ഷേ ഇനി ഞാൻ അങ്ങനെയുള്ള പാട്ടുകൾ റെക്കോർഡു ചെയ്യില്ല.
എനിക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ശരിയാണ്, ആ സമയത്ത് അങ്ങനെയൊരു പാട്ട് പാടി. ഞാൻ എപ്പോഴും കൂടെ ജീവിക്കേണ്ടി വരുന്ന ഒരു പാട്ടാണിത്. സദസ്സിലുള്ള കുട്ടികൾ പോലും ആ പാട്ടിന് നൃത്തം ചെയ്തേക്കാം. ചിലപ്പോൾ ഞാൻ കണ്ണുകൾ അടയ്ക്കും. പക്ഷേ എനിക്ക് ആ പാട്ടിനെ നിഷേധിക്കാൻ കഴിയില്ല. അത് എന്റെ പാട്ടാണ്.
ഞാൻ ഒരു അമ്മയായതിനു ശേഷമല്ല ഈ തിരിച്ചറിവ് ഉണ്ടായത്. എന്റെ മകൻ ഇത് എങ്ങനെ കേൾക്കുമെന്നല്ല എന്റെ ആശങ്ക. മുഴുവൻ കുട്ടികളും എന്ത് കേൾക്കുന്നു എന്നതാണ് എന്റെ ആശങ്ക. ഞാൻ വളർന്നത് രാജസ്ഥാനിലാണ്. അവിടെ കുട്ടികളോട് പോലും സംസാരിക്കുന്ന രീതിയിൽ ബഹുമാനത്തിന്റെ ഒരു സംസ്കാരമുണ്ട്. അവർക്ക് എന്താണ് അനുയോജ്യമെന്ന് നമ്മൾ അറിഞ്ഞിരിക്കണം.’ ശ്രേയ ഘോഷാൽ പറഞ്ഞു.
2025ൽ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ശ്രേയ ഘോഷാൽ 'ചിക്നി ചമേലി' പാട്ടിനെതിരെ സംസാരിച്ചത്. പാട്ടിലെ വരികൾ സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നതാണെന്നും കുട്ടികൾ അർഥമറിയാതെ ഇത് പാടിനടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ശ്രേയ പറഞ്ഞിരുന്നു. 'ചിക്നി ചമേലി'ക്ക് ശേഷം ഇത്തരം അർഥങ്ങൾ വരുന്ന പാട്ടു പാടാൻ തനിക്ക് ധാരാളം ഓഫറുകൾ വന്നു എന്നും എന്നാൽ അവയൊക്കെ ഒഴിവാക്കുകയായിരുന്നു എന്നും ഇനി ഇത്തരം പാട്ടുകൾ പാടില്ലെന്നും ശ്രേയ ഘോഷാൽ വ്യക്തമാക്കി.