ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരാവുകയാണ്. ഇത്രയും കാലം പ്രണയവാർത്തകളോട് മൗനം പാലിച്ച ഇരുവരും ഒടുവിൽ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.സ്നേഹത്തോടെ 'വിരോഷ്' എന്ന് വിളിച്ച ആരാധകർക്കായി ഈ കൂടിച്ചേരലിനെ 'വിരോഷിന്‍റെ വിവാഹം' എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരങ്ങൾ കുറിച്ചു.
'ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്കായി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് 'വിരോഷ്' എന്ന് പേരിട്ടു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണ്,' എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ കുറിപ്പാണ് താരങ്ങൾ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ താരങ്ങൾ, അവർ എന്നെന്നും തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ കുറിപ്പിൽ വിവാഹ തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിനുണ്ടാവുക. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ മേഖലയിലുള്ളവർക്കായി വൻവിരുന്നു സല്‍ക്കാരവും നടക്കും. ഫെബ്രുവരി 26-ന് വിവാഹിതരാകുന്നുവെന്ന് വ്യക്തമാക്കുന്ന വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ഒരു ക്ഷണക്കത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് വിജയ്‍യും രശ്മികയും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ കെമിസ്ട്രി തെന്നിന്ത്യയാകെ തരംഗമായിരുന്നു. പിന്നീട് 2019-ൽ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. അന്നുമുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങൾ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഏതായാലും നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രിയ താരങ്ങൾ ഒന്നിക്കുന്നത് ആഘോഷമാക്കുകയാണ് ആരാധകർ.