megna-raj-reveals-pregnacy-time-issue

വിനയൻ സംവിധാനം ചെയ്ത 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘന രാജ്. ഇപ്പോഴിതാ, ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗവും ആ സമയത്ത് നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നടി. ചിരഞ്ജീവി മരിക്കുമ്പോൾ ഗർഭിണിയായിരുന്ന തന്നോട് ഏറ്റവും അടുത്ത ചിലർ കാണിച്ച മോശം സമീപനം ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്ന് താരം വെളിപ്പെടുത്തി. റയാൻ മിഥുനുമായുള്ള പുതിയ പോഡ്കാസ്റ്റിലായിരുന്നു മേഘ്നയുടെ ഈ തുറന്നുപറച്ചിൽ.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നു താൻ ഗർഭകാലത്ത് സ്വപ്നം കണ്ടിരുന്നത്. എന്നാൽ ചിരഞ്ജീവിയുടെ മരണം എല്ലാം മാറ്റിമറിച്ചു. ഒരു സുരക്ഷിത തണലായി മാതാപിതാക്കൾ കൂടെയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ആ സാഹചര്യം അതിജീവിക്കാൻ കഴിഞ്ഞത്. ഒരു ചെറിയ കുട്ടിയെ പോലെ അവരെന്നെ നോക്കി. എന്നാൽ താൻ അനുഭവിക്കുന്ന വേദനയേക്കാൾ വലുതാണ് തങ്ങളുടേതെന്ന് കരുതിയ ചിലർ തന്നെ വളരെ മോശമായി പരിഗണിച്ചെന്നും, ആ സമയത്ത് എന്ത് മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്ന് അവർ മനസിലാക്കാൻ ശ്രമിച്ചില്ലെന്നും മേഘ്ന പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ചിരിക്കാൻ പോലും ഭയപ്പെട്ടിരുന്ന ആ നാളുകളിൽ മകൻ ജൂനിയർ സിരുവിന് ജന്മം നൽകുക എന്നത് മാത്രമായിരുന്നു തന്‍റെ മുന്നിലെ ഏക ലക്ഷ്യം. കുഞ്ഞിനെ സങ്കടങ്ങൾ ബാധിക്കുമെന്ന് കരുതി പലപ്പോഴും നിർബന്ധപൂർവ്വം സന്തോഷിക്കാൻ ശ്രമിച്ചു. ഇന്ന് താൻ ജീവിച്ചിരിക്കുന്നത് പോലും മകൻ കാരണമാണെന്നും മേഘ്ന വൈകാരികമായി കൂട്ടിച്ചേർത്തു. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച കാലഘട്ടത്തിന് ശേഷം ഇപ്പോൾ മകന് വേണ്ടി സന്തോഷത്തോടെ ജീവിക്കാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി. താരത്തിന്‍റെ വാക്കുകള്‍ വളരെ പെട്ടന്ന് തന്നെ വൈറലായി. സ്വന്തമെന്ന് കരുതിയവരുടെ പക്കല്‍ നിന്നും ഇത്തരം സമീപനമുണ്ടാകുന്നത് ആരെയും വേദനിപ്പിക്കുമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.

ENGLISH SUMMARY:

Actress Meghana Raj opens up about her traumatic pregnancy phase following the death of husband Chiranjeevi Sarja. In a recent podcast, she revealed how some people treated her poorly and how she survived for her son.