'ഗ്രേയ്സ് അനാട്ടമി', 'യൂഫോറിയ' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ എറിക് ഡെയ്ൻ (53) അന്തരിച്ചു. ALS രോഗനിര്‍ണയം നടത്തി ഒരു വർഷം തികയും മുൻപാണ് അന്ത്യം. 2025 ഏപ്രിലിൽ, തനിക്ക് എഎൽഎസ് രോഗം സ്ഥിരീകരിച്ചതായി ഡെയ്ൻ വെളിപ്പെടുത്തിയിരുന്നു. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണിത്. നടക്കാനും സംസാരിക്കാനും ശ്വാസമെടുക്കാനും ആവശ്യമായ നാഡീകോശങ്ങളെ ഈ രോഗം ക്രമേണ നശിപ്പിക്കുന്നു. രോഗനിർണയം കഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ മിക്ക രോഗികളും മരിക്കുകയാണ് പതിവ്
2000ത്തിന്റെ മധ്യത്തിൽ ABC ചാനലിന്റെ മെഡിക്കൽ ഡ്രാമയായ ‘ഗ്രേസ് അനാട്ടമി’യിൽ ഡോ. മാർക്ക് സ്ലോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് എറിക് ഡെയ്ന്‍ ശ്രദ്ധേയനാകുന്നത്. മക്സ്റ്റീമി' എന്ന വിളിപ്പേരിൽ പ്രശസ്തനായ ഈ കഥാപാത്രത്തെ 2006 മുതൽ 2012 വരെ അദ്ദേഹം അവതരിപ്പിച്ചു. 2021-ൽ ഇതേ വേഷത്തിൽ വീണ്ടും സ്ക്രീനിലെത്തി. വിമാനാപകടത്തിൽ കഥാപാത്രം മരിക്കുന്നതായാണ് ചിത്രീകരിച്ചതെങ്കിലും, ഇപ്പോഴും സംപ്രേഷണം തുടരുന്ന ഷോയിൽ ഡെയ്നിന്റെ കഥാപാത്രം മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ചു. ഇന്ന് റീലുകളിലൂടെയും എറിക് അവതരിപ്പിച്ച രംഗങ്ങള്‍ പ്രചരിക്കുന്നു.
യൂഫോറിയയും ലാസ്റ്റ് ഷിപ്പും
2019ല്‍ പുറത്തിറങ്ങിയ എച്ച് ബി ഒ പരമ്പര യൂഫോറിയയില്‍ മക്സ്റ്റീമിയിൽനിന്ന് നേർവിപരീതമായൊരു വേഷപ്പകർച്ച നടത്തി. പ്രശ്നസങ്കീർണമായ ജീവിതം നയിക്കുന്ന കാൽ ജേക്കബ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ഒരു മഹാദുരന്തത്തിൽ ഇല്ലാതായ പശ്ചാത്തലത്തിലുള്ള ടിഎൻടി ഡ്രാമയായ 'ദ് ലാസ്റ്റ് ഷിപ്പി'ലും ഡെയ്ൻ പ്രധാന വേഷം ചെയ്തു. കടലിൽ ഒറ്റപ്പെട്ട യുഎസ് നേവി പടക്കപ്പലിന്റെ ക്യാപ്റ്റനായ ടോം ചാൻഡ്‌ലറായാണ് അദ്ദേഹം അഭിനയിച്ചത്. 2017-ൽ, ഡെയ്ൻ വിഷാദരോഗവുമായി പോരാടിയതിനെ തുടർന്ന് ഷോയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു.
അമയോട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും ഗവേഷണങ്ങൾക്കുമായി എറിക് ശക്തമായി നിലകൊണ്ടു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്കായി ഒരു മാറ്റം കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.