വിവാദമായ 'ദി കേരള സ്റ്റോറി'ക്ക് തുടര്‍ച്ചയായെത്തുന്ന  'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ആദ്യചിത്രത്തിലേതുപോലെ തന്നെ വിദ്വേഷമാണ് രണ്ടാംഭാഗത്തിന്‍റെ ട്രെയിലറിലും  നിഴലിക്കുന്നതെന്നാണ്  വിമര്‍ശനം. പിന്നാലെ പ്രൊമോയ്ക്കെതിരെ ട്രോളുകളും സജീവമാണ്. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. 

ബീഫ് കഴിക്കുന്ന രംഗത്തിന് ഇനി ആളെ ആവശ്യമുണ്ടെങ്കില്‍ പറയണമെന്നും നിര്‍ബന്ധിക്കാതെ തന്നെ കഴിക്കാമെന്നുമാണ് ചിലര്‍ പറയുന്നത്. ബീഫിനൊക്കെ എന്തൊരു വിലയാണെന്നും ഇങ്ങനെ തുപ്പിക്കളയാമോ എന്നും ചിലര്‍ ചോദിക്കുന്നു. ഇനി പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തതെന്നും സംശയം പ്രകടിപ്പിച്ചവരുണ്ട്.  

ചിത്രത്തിന്‍റെ ട്രെയിലറിന് കീഴിലും രസകരമായ കമന്‍റുകള്‍ മലയാളികള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത നാഷണല്‍ അവാര്‍ഡ് ലോഡിങ് എന്ന് പലരും കുറിച്ചു. നമുക്ക് അറിയാത്ത വേറെ കേരളമുണ്ടോ, നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകമായിരിക്കുന്നു, ബീഫ് കഴിച്ചുകൊണ്ട് ട്രെയിലര്‍ കാണുന്നവരുണ്ടോ? എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

ഇത്തവണ കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുടെ കഥയും പറയുന്നുണ്ട് . കാമാഖ്യ നാരായണ സിങ് ആണ് 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.

ENGLISH SUMMARY:

The Kerala Story 2 trailer has been released, mirroring the controversy and hatred of the first film. The trailer has sparked widespread criticism and trolling, particularly for a scene depicting a Hindu girl being forced to eat beef.