നടി സംയുക്തക്ക് ഒരു ആരാധകന്‍ നല്‍കിയ പെന്‍സില്‍ സ്കെച്ചിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുപരിപാടിക്കിടെ തിരക്കിട്ട് നടന്നുപോയ സംയ്കതയെ വിളിച്ചായിരുന്നു ചിത്രം നല്‍കിയത്. നടിയും വലിയ താല്‍പര്യത്തോടെ നന്ദി പറഞ്ഞാണ് ഈ ചിത്രം വാങ്ങിയത്. എന്നാല്‍ ക്യാമറക്ക് പോസ് ചെയ്തപ്പോള്‍ ചിത്രം നേരെ പിടിച്ചതോടെ പലരുടേയും നെറ്റി ചുളിഞ്ഞു. ചിത്രത്തിന് പെര്‍ഫെക്ഷന്‍ ഇല്ലെന്നും വികൃതമെന്നും ആക്ഷേപമുയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോക്ക് വ്യാപക ട്രോളുകളും വന്നു. 

എന്നാല്‍ യുവാവിനെ ട്രോളിയവര്‍ക്ക് സംയുക്ത തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാൻ അദ്ദേഹത്തിന്റെ സന്മനസ്സിനെയും പ്രയത്നത്തെയും വിലമതിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഒരു ട്രോൾ തന്നെ സംയുക്ത സ്വയം പങ്കുവച്ചു. ഇതോടെ വലിയ കയ്യടിയാണ് താരത്തിനു ലഭിക്കുന്നത്. ആരാധകന്റെ സ്നേഹസമ്മാനം സ്വീകരിക്കാനും സംയമനത്തോടെ സാഹചര്യത്ത കൈകാര്യം ചെയ്യാനും സംയുക്ത കാണിച്ച മനസ്സിനെയും സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുന്നു.