ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് ,വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത സംയുക്ത ഇപ്പോള്‍ തമിഴിലും കന്നഡത്തിലും തെലുങ്കിലും മുന്‍ നിര താരമാണ്. താന്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംയുക്ത.
ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി നിവരുന്ന ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്‍റെ അര്‍ഥം വ്യക്തമാകുന്നതെന്ന് ചിത്രങ്ങള്‍ക്ക് താഴെ സംയുക്ത കുറിച്ചു. കറുത്ത കുര്‍ത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള. കോടിക്കണക്കിനാളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടെ എത്തുന്നത്. നേരത്തെ മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണീ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുണ്യസ്നാനം ചെയ്തിരുന്നു. ഗംഗയിൽ പൂജ നടത്തിയ ശേഷമായിരുന്നു സ്നാനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.