സിനിമ ലോകം കാത്തിരുന്ന താരവിവാഹത്തിന് സ്ഥിരീകരണം? വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  വിവാഹ തീയതിയും റിസപ്ഷന്‍ വിവരങ്ങളും അടക്കമുള്ള വിവരങ്ങളാണ് കത്തിലുള്ളത്. ഫെബ്രുവരി 26 ന് വിവാഹവും മാര്‍ച്ച് നാലിന് റിസപ്ഷനുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

ആഡംബരം ഒഴിവാക്കി വളരെ ചുരുക്കം പേര്‍ പങ്കെടുക്കുന്ന ലളിത ചടങ്ങായിരിക്കും വിവാഹം എന്നാണ് പുറത്തുവന്ന ക്ഷണക്കത്തിലുണ്ട്. നേരത്തെ ഉദയ്പൂരിലെ കൊട്ടാരത്തിലാകും വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ട്. മാര്‍ച്ച് നാലിന് ഏഴു മണി മുതല്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലുള്ള താജ് കൃഷ്ണ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ സല്‍ക്കാരം. മാര്‍ച്ച് നാലിന് നടക്കുന്ന വിവാഹ സല്‍ക്കാരത്തിലേക്കാണ് എല്ലാവര്‍ക്കും ക്ഷണമുള്ളത്.  നടനുമായി ബന്ധപ്പെട്ടവര്‍ വിവാഹക്ഷണകത്തിലെ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍  വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

''ഞങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ വാര്‍ത്ത പങ്കുവെയ്ക്കാനും ആ വലിയ നിമിഷത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനുമാണ് ഈ സന്ദേശം. കുടുംബാംഗങ്ങളുടെ സ്നേഹവും അനുഗ്രഹത്തോടെയും കൂടി രശ്മികയും ഞാനും 26.02.26 ന് വിവാഹിതരാവുകയാണ്. വിവാഹം വളരെ ചെറിയ ചടങ്ങാണ്. ഞങ്ങളുടെ ജീവതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമ്പോള്‍ ഞങ്ങളുടെ യാത്രയില്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാകുന്നത് സന്തോഷമാകും. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ് '' എന്നാണ് കത്തിലുള്ളത്. 

2018 ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. 2025 ഒക്ടോബർ 3 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ദസറയ്ക്ക് പിന്നാലെ ഹൈദരാബാദിൽ വെച്ചായിരുന്നു ചടങ്ങ്. പൂർണ്ണമായും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു നിശ്ചയം നടന്നത്. 

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna's wedding is confirmed with an invitation going viral on social media, detailing the ceremony and reception dates.