തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാക്ക് പാലിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തിരുവനന്തപുരം ചെറിയകോന്നി സ്വദേശി ശ്രുതിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനുള്ള നടപടികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. മക്കളുടെ പേരിലുള്ള 'അഹാദിഷിക ഫൗണ്ടേഷന്‍റെ' നേതൃത്വത്തിലാണ് വീട് നിർമിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് കൃഷ്ണകുമാർ ശ്രുതിയുടെ വീട്ടിലെത്തുന്നത്. വീടിന്റെ ശോചനീയാവസ്ഥ കണ്ട് അന്ന് അദ്ദേഹം വീട് വച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. 'അന്ന് എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു, പക്ഷേ ഇന്ന് സാഹചര്യങ്ങൾ ഒത്തുവന്നു'– കൃഷ്ണകുമാര്‍ പറയുന്നു. മക്കളായ ഇഷാനി, ദിയ, കൊച്ചുമകൻ ഓമി എന്നിവർക്കൊപ്പമാണ് കൃഷ്ണകുമാർ തറക്കല്ലിടൽ ചടങ്ങിനെത്തിയത്.
വീട് നിർമ്മാണത്തിനുള്ള തുകയുടെ ചെക്ക് കൊച്ചുമകൻ ഓമിയിലൂടെയാണ് അദ്ദേഹം കൈമാറിയത്. അടുത്ത തലമുറയും, കൊടുക്കുന്ന കൈകളാകണം എന്ന ആഗ്രഹത്തോടെയാണ് ചെറുമകനെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഫെബ്രുവരി 14-നായിരുന്നു ചടങ്ങുകൾ നടന്നത്. ഇലക്ഷൻ ജയിച്ചാലും തോറ്റാലും നൽകിയ വാക്ക് പാലിക്കണമെന്ന കൃഷ്ണകുമാറിന്റെ നിലപാടിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.