ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ മാറ്റിയ സാംസ്കാരിക വകുപ്പിന്റെ നടപടിയെ 'ശുദ്ധ നെറികേട്' എന്ന് വിമർശിച്ച് സംവിധായകൻ വിനയൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. വമ്പന്മാർ ഭരിച്ചതിനേക്കാൾ വളരെ ഭംഗിയായി അക്കാദമി ഭരിക്കുകയും വിവാദങ്ങളില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കുപോലും പറയാതെ ഒഴിവാക്കിയത് അങ്ങേയറ്റം അപമാനകരമാണെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തൂമ്പാപ്പണിക്ക് വരുന്ന കൂലിപ്പണിക്കാരനോട് പോലും 'നാളെ മുതൽ നീ വരണ്ട' എന്ന് പറയുന്ന സാമാന്യ മര്യാദ നമ്മൾ കാണിക്കാറുണ്ടെന്നും, എന്നാൽ സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില പോലെ പ്രേംകുമാറിനെ പുറത്തെറിയുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

പുതിയ ഒരാളെ നിയമിച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ വലിയ വേദന തോന്നിയെന്നും, അപമാനിക്കാൻ മാത്രം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രേംകുമാർ സങ്കടത്തോടെ തന്നോട് പറഞ്ഞതായും വിനയൻ കുറിപ്പില്‍ വെളിപ്പെടുത്തി. താനൊരു സാധാരണ കലാകാരനായതുകൊണ്ടാണോ ഈ അവഗണന എന്ന പ്രേംകുമാറിന്റെ ചോദ്യത്തിൽ എല്ലാമുണ്ടെന്നും, ഇതിഹാസങ്ങളെയും പൗരപ്രമുഖരെയും മാത്രമല്ല കഴിവുള്ള സാധാരണക്കാരെയും അർഹിക്കുന്ന വിലകൊടുത്ത് മാനിക്കുന്നതാണ് ജനാധിപത്യമെന്നും വിനയൻ ഓർമ്മിപ്പിച്ചു. അർഹമായ പരിഗണന നൽകാതെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് സ്വജനപക്ഷപാതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: എന്നോട് ചെയ്തത് അനീതി; സച്ചിദാനന്ദന് എന്തെങ്കിലും അദ്ഭുതസിദ്ധിയുണ്ടാകും; തുറന്നടിച്ച് പ്രേം കുമാര്‍

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പാവപ്പെട്ട ആശാ വർക്കർമാരുടെ പ്രശ്നം പാർട്ടി മീറ്റിങ്ങിൽ ഉന്നയിച്ചതാണ് തന്റെ പുറത്താക്കലിന് കാരണമെന്ന് പ്രേംകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിനയന്റെ ഈ രൂക്ഷവിമർശനം. ഇത്രയും വലിയ അനീതി നടന്നിട്ടും മലയാള സിനിമയിലെ സംഘടനകൾ പ്രേംകുമാറിനെ പിന്തുണച്ച് ഒരു വാക്കുപോലും സംസാരിക്കാത്തത് കഷ്ടമാണെന്നും വിനയൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: 'നടൻ പ്രേംകുമാർ  പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി  അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു..

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്..അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ  വേറൊരുത്തനെ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും..പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കിക്കൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ്  ചെയ്തത്..

'ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ...   നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല'. എന്നാണ് അന്ന് പ്രേംകുമാർ പറഞ്ഞത്.. അതിൽ എല്ലാമുണ്ട്...ഇതിഹാസങ്ങളെയും കോട്ടിട്ട പൗരപ്രമുഖരെയും മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.. അതാണു ജനാധിപത്യം...മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്... മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ  പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു'.

Read More: നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി? പ്രഖ്യാപനം പാര്‍ട്ടിപ്രവേശത്തിന് ശേഷം

ഇരട്ടനീതിയാണ് തന്നോട് കാണിച്ചതെന്നായിരുന്നു സാഹിത്യ അക്കാദമി ചെയര്‍മാന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ നടന്‍ പ്രേംകുമാറിന്‍റെ തുറന്ന് പറച്ചില്‍. സാമാന്യ മര്യാദപോലും സര്‍ക്കാര്‍ തന്നോട് കാണിച്ചില്ലെന്നും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സര്‍ക്കാരിനെതിരെ പരസ്യമായി താരം രംഗത്ത് വന്നതിന് പിന്നാലെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകളും നടത്തി. അനുനയിപ്പിക്കാന്‍ മുതിര്‍ന്ന സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പ്രേംകുമാറിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. കഴക്കൂട്ടത്ത് പ്രേംകുമാറിനെ മല്‍സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. 

ENGLISH SUMMARY:

Director Vinayan lashed out at the Cultural Department for removing actor Prem Kumar from the post of Chalachitra Academy Chairman without prior notice, calling it a "total injustice."