kannan-sagar

TOPICS COVERED

കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കണ്ണൻ സാഗർ. സോഷ്യൽ മീഡിയയിലൂടെ തൻ്റെ ജീവിതാനുഭവങ്ങള്‍ കണ്ണൻ സ്ഥിരമായി പ്രേക്ഷകര്‍ക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടന്ന മകന്‍റെ വിവാഹ വിശേഷങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പാണ് വൈറലാകുന്നത്.

ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതെന്ന് പറഞ്ഞാണ് കണ്ണൻ്റെ പോസ്റ്റ്. ‘ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. മൂത്രത്തില്‍ കല്ലാണ് പ്രശ്നം. വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കാനോ, ബാത്ത്റൂമിൽ സ്വസ്ഥമായി ഇരിക്കാനോ വയ്യാത്ത സ്ഥിതി’ – കണ്ണന്‍ പറയുന്നു.

വേദനിച്ച് ഞെളിപിരി കൊള്ളുമ്പോള്‍ ആശുപത്രിയിൽ പോകണോ എന്ന ചോദ്യവുമായി ഭാര്യ ആശ്വസിപ്പിക്കും. രാത്രിയില്‍ എപ്പോഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും. മൂത്രത്തിൽ കല്ല് അനുഭവിച്ചവർക്ക് കൃത്യമായി അറിയാം അതിന്‍റെ വ്യാപ്തിയെന്നും കണ്ണൻ കുറിക്കുന്നു.

മൂത്രസഞ്ചിയിലെ കല്ലുകൾ (Bladder Stones)

മൂത്രസഞ്ചിയിൽ ധാതുക്കൾ അടിഞ്ഞുകൂടിയാണ് കല്ലുകൾ രൂപപ്പെടുന്നത്. മൂത്രത്തിലെ ധാതുക്കൾ പരലുകളായി (crystals) മാറുന്നതാണ് ഇതിന് കാരണം. കൃത്യമായി മൂത്രമൊഴിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളിലാണ് പരലുകള്‍ രൂപപ്പെടുന്നത്. ചിലയിനം ഇന്‍ഫെക്ഷനുകളുടെ മൂത്രക്കല്ല് ഉണ്ടാകാന്‍ കാരണമാകും. ചെറിയ കല്ലുകൾ ചികിത്സയില്ലാതെ തന്നെ മൂത്രത്തിലൂടെ പുറത്തുപോകും. എന്നാൽ ചില കല്ലുകൾക്ക് മരുന്നുകളോ ശസ്ത്രക്രിയയോ ആവശ്യമായി വരും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് അണുബാധയ്ക്കും മറ്റ് ഗുരുതരമായ പ്രശ്നങ്ങൾക്കും ഇടയാക്കും. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് മൂത്രസഞ്ചിയിലെ കല്ലുകള്‍ കൂടുതലായി കണ്ടുവരുന്നത്. അപൂര്‍വമായി സ്ത്രീകളിലും കുട്ടികളിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

ലക്ഷണങ്ങൾ

മൂത്രസഞ്ചിയിലെ കല്ലുകള്‍ക്ക് പലപ്പോഴും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ ഇവ മൂത്രസഞ്ചിയുടെ ഭിത്തിയിൽ ഉരസുകയോ മൂത്രതടസ്സം ഉണ്ടാക്കുകയോ ചെയ്താൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടാം:

1. അടിവയറ്റിൽ വേദന

2. മൂത്രമൊഴിക്കുമ്പോൾ വേദനയോ എരിച്ചിലോ

3. അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ

4. മൂത്രമൊഴിക്കാൻ പ്രയാസം, അല്ലെങ്കിൽ മൂത്രപ്രവാഹം പെട്ടെന്ന് നിലയ്ക്കുക

5. മൂത്രത്തിൽ രക്തം കാണപ്പെടുക

6. മൂത്രത്തിന് നിറവ്യത്യാസമോ കലങ്ങിയ അവസ്ഥയോ ഉണ്ടാവുക

കാരണങ്ങൾ

1. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (Enlarged Prostate): പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്നത് മൂത്രപ്രവാഹം തടസ്സപ്പെടുത്തുകയും മൂത്രസഞ്ചി പൂർണ്ണമായും ഒഴിയുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു

2. നാഡീസംബന്ധമായ തകരാറ്: സ്ട്രോക്ക്, സുഷുമ്‌ന നാഡിയെ ബാധിക്കുംവിധം നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ എന്നിവ കാരണം മൂത്രസഞ്ചിയെ നിയന്ത്രിക്കുന്ന നാഡികൾക്ക് കേടുപറ്റാം. ഇതിനെ 'ന്യൂറോജെനിക് ബ്ലാഡർ' എന്ന് വിളിക്കുന്നു.

3. വീക്കം (Inflammation): മൂത്രനാളിയിലെ അണുബാധയോ മറ്റോ കാരണം മൂത്രസഞ്ചിയിലുണ്ടാകുന്ന വീക്കം കല്ലുകൾക്ക് കാരണമാകാം

4. മെഡിക്കൽ ഉപകരണങ്ങൾ: കത്തീറ്റർ പോലുള്ള ഉപകരണങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് കല്ലുകൾ രൂപപ്പെടാൻ ഇടയാക്കും

5. വൃക്കയിലെ കല്ലുകൾ: വൃക്കയിൽ രൂപപ്പെടുന്ന ചെറിയ കല്ലുകൾ മൂത്രനാളി വഴി മൂത്രസഞ്ചിയിൽ എത്തുകയും അവിടെ തങ്ങിനിന്ന് വലിയ കല്ലുകളായി മാറുകയും ചെയ്യാം.

സങ്കീര്‍ണതകള്‍

യഥാസമയം ചികില്‍സിക്കാതിരുന്നാല്‍ മൂത്രസഞ്ചിയിലെ കല്ലുകള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രതടസം, മൂത്രനാളിയിലെ അണുബാധ തുടങ്ങിയവ ഇതില്‍പ്പെടും.

പ്രതിരോധ മാർഗങ്ങൾ

ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കാണുക. പ്രോസ്റ്റേറ്റ് വീക്കവും മൂത്രസംബന്ധമായ മറ്റ് പ്രശ്നങ്ങളും യഥാസമയം ചികിത്സിക്കുന്നത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ധാരാളം വെള്ളം കുടിക്കുക: വെള്ളം കുടിക്കുന്നത് മൂത്രത്തിലെ ധാതുക്കളുടെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും. ഒരാൾ എത്ര വെള്ളം കുടിക്കണം എന്നത് അവരുടെ പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.

ENGLISH SUMMARY:

Kannan Sagar is currently experiencing severe health issues due to kidney stones, describing the pain as unbearable and impacting his daily life. He shared his struggles with eating and using the bathroom, finding little relief even at night.