balayya-flight

യാത്രയ്ക്കിടെ വിന്‍ഡോ സീറ്റ് ബുക്ക് ചെയ്തിട്ടും കിട്ടിയില്ലെങ്കില്‍ ആരായാലും ചിലപ്പോള്‍ ഒന്ന് ദേഷ്യപ്പെട്ടുപോകും. വിമാനയാത്രയ്ക്കിടെ അങ്ങനെയൊരാള്‍ ബുക്ക് ചെയ്ത വിന്‍ഡോ സീറ്റ് ലഭിക്കാത്തതില്‍ പ്രശ്നമുണ്ടാക്കിയ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് ഇൻഡിഗോ വിമാനത്തിലെ കാബിൻ ക്രൂവായ ശ്രീലക്ഷ്മി. വിന്‍ഡോ സീറ്റിന് വേണ്ടി വാശിപിടിച്ച ആള്‍ മറ്റാരുമല്ല തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന സാക്ഷാല്‍ 'ബാലയ്യ'!

കാബിൻ ക്രൂവായ ശ്രീലക്ഷ്മി പങ്കുവച്ച ഇൻസ്റ്റാഗ്രാം റീൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിമാനത്തിൽ ബുക്ക് ചെയ്ത വിൻഡോ സീറ്റ് ലഭിക്കാത്തതിനാൽ ഒരാൾ പ്രശ്നമുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിഡിയോ. ആ വ്യക്തി ബാലയ്യയാണെന്ന് തിരിച്ചറിഞ്ഞതോടെ കമന്‍റ് ബോക്സ് പൂരപ്പറമ്പായി. തന്‍റെ മാസ്സ് ഡയലോഗുകളിലൂടെയും ആക്‌ഷൻ സീനുകളിലൂടെയും തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച ബാലയ്യയെ വിമാനത്തിൽ കണ്ട കൗതുകത്തിലാണ് ആരാധകർ. ഒരു സാധാരണ യാത്രക്കാരനെപ്പോലെ സീറ്റിനായി വാശിപിടിക്കുന്ന അദ്ദേഹത്തിന്‍റെ വിഡിയോ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്തതോടെ കമന്‍റ് ബോക്സിലാകെ ബാലയ്യ  ഫാൻസ് നിറഞ്ഞു. വെള്ളിത്തിരയിലെ ബാലയ്യയുടെ അമാനുഷിക പ്രകടനങ്ങളെ ട്രോളിക്കൊണ്ടായിരുന്നു കമന്‍റുകളിലേറെയും. ‘ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു... വേണ്ടി വന്നാൽ പറക്കുന്ന ഫ്ലൈറ്റ് പുള്ളി ചവിട്ടി താഴെ ഇടും’ എന്നും ‘ഫ്‌ളൈറ്റ് പിന്നാലെ വരട്ടെ ഞാൻ മുന്നിൽ പൊക്കോളാണ് എന്നു പറഞ്ഞു ബാലയ്യ പറക്കും’ എന്നും ‘ഒറ്റ തട്ടിന് ഒരു എയർപോർട്ടിൽ നിന്ന് അടുത്ത എയർപോർട്ടിലേക്ക് ഫ്ലൈറ്റിനെ എത്തിക്കാൻ കഴിവുള്ള മനുഷ്യനാ’ എന്നുമൊക്കെയായിരുന്നു രസകരമായ കമന്‍റുകള്‍.   ‘ബാലയ്യ ചോദിച്ചാൽ വിൻഡോ സീറ്റ് മാത്രമല്ല പൈലറ്റ് സീറ്റ് വരെ വിട്ടുകൊടുക്കണം’ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

ENGLISH SUMMARY:

Regarding a flight booking issue, Telugu superstar Nandamuri Balakrishna, also known as Balayya, insisted on his booked window seat, leading to a humorous incident shared by an IndiGo cabin crew member. This amusing story, featuring the action hero in a relatable travel scenario, has quickly gone viral on social media