അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'സർവം മായ' ജനുവരി 30-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തതോടെ ചിത്രം സൈബറിടത്ത് വൈറലാവുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും വൈറലാകുമ്പോൾ തന്നെ, മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതരായ പഴയകാല താരങ്ങളുടെ തിരിച്ചുവരവും ശ്രദ്ധ നേടുന്നു. മധു വാര്യർ, ജനാർദ്ദനൻ, വിനീത് തുടങ്ങിയവർക്കൊപ്പം പ്രേക്ഷകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് നടൻ വിജീഷ് വിജയന്റെ പ്രകടനമാണ്.

മലയാളിക്ക് ഇന്നും പ്രിയപ്പെട്ടതാണ് 'നമ്മളി'ലെ ആ നൂലുണ്ട. വർഷങ്ങൾക്കിപ്പുറം 'സർവം മായ' കണ്ടുകൊണ്ടിരിക്കെ സ്ക്രീനിൽ വന്ന ശ്രീക്കുട്ടനെ കണ്ടപ്പോൾ ആദ്യം പലർക്കും ആളെ പിടികിട്ടിയില്ല. അത്രയ്ക്കുണ്ട് വിജീഷ് വിജയന്റെ മേക്കോവർ. 

2002-ൽ കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലെ 'നൂലുണ്ട' എന്ന കഥാപാത്രത്തിലൂടെയാണ് വിജീഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സ്വപ്നക്കൂട്, ഗ്രാമഫോൺ, ചക്രം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അന്ന് തടിച്ച പ്രകൃതക്കാരനായിരുന്ന വിജീഷിനെ പിന്നീട് ലാൽ ജോസ് ചിത്രം 'ക്ലാസ്‌മേറ്റ്‌സി'ൽ വണ്ണം കുറഞ്ഞ രൂപത്തിൽ കണ്ടിരുന്നു.

എന്നാൽ 22 വർഷങ്ങൾക്ക് ശേഷം 'സർവം മായ'യിൽ എത്തിയ വിജീഷിനെ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. അജു വർഗീസിന്റെ പരികർമ്മിയായ ശ്രീക്കുട്ടനായി ആദ്യം തമാശ കലർന്ന രൂപത്തിൽ പ്രത്യക്ഷപ്പെടുകയും, പിന്നീട് മാസ് ലുക്കിൽ വന്ന് നിവിൻ പോളിയെ വിരട്ടുകയും ചെയ്യുന്ന വിജീഷിന്റെ പ്രകടനം തിയേറ്ററിൽ കയ്യടി നേടിയിരുന്നു. പഴയ ആ നൂലുണ്ട തന്നെയാണോ ഇതെന്ന് തിരിച്ചറിയാൻ പ്രേക്ഷകർക്ക് അല്പം സമയം വേണ്ടി വന്നു. ബോഡി ഷേമിങ്ങുകൾക്കും പരിഹാസങ്ങൾക്കും മറുപടിയെന്നോണം, വിജീഷിന്റെ കഠിനാധ്വാനത്തെയും അസാധ്യമായ മേക്കോവറിനെയും പ്രശംസിക്കുകയാണിപ്പോള്‍ സിനിമാ പ്രേമികൾ.

ENGLISH SUMMARY:

"Noolunda" is back with a bang! Actor Vijeesh Vijayan stuns fans with a massive physical transformation in the Nivin Pauly-Akhil Sathyan starrer 'Sarvam Maaya' on Jio Hotstar.