സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദയിലെ ഇരിപ്പിടത്തിലെ വേര്‍തിരിവിനെതിരെ വിമര്‍ശനവുമായി നടി അഹാന കൃഷ്ണ. പുരുഷന്മാര്‍ മുന്‍നിരയില്‍ ഇടം പിടിച്ചപ്പോള്‍ സ്ത്രീകള്‍ രണ്ടാം നിരയിലായതിനെയാണ് അഹാന ചൂണ്ടിക്കാണിച്ചത്. മുന്‍നിരയില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഷംല ഹംസ മാത്രമായിരുന്നു ഏക സ്ത്രീ. പ്രത്യേക ജൂറി പരാമര്‍ശം നേടിയ ടൊവിനോ തോമസും ആസിഫ് അലിയും മുന്‍നിരയിലിരുന്നപ്പോള്‍ അതേ പുരസ്കാരം നേടിയ ജ്യോതിര്‍മയിക്ക് പിന്‍നിരയിലായിരുന്നു സീറ്റ്. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ എന്നാണ് അഹാന കൃഷ്ണ വിമര്‍ശനം ഉന്നയിച്ചത്. അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു എന്നും അഹാന സമൂഹമാധ്യമത്തില്‍ കുറിച്ചു.
‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു.