അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തന്‍റെ ആരാധകനെ നേരില്‍ കണ്ട് രജനീകാന്ത്. പാവപ്പെട്ടവരെ സഹായിക്കാനായി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന മധുര സ്വദേശി രജനി ശേഖറിന്റെ പ്രവർത്തനങ്ങളെ താരം നേരിട്ട് അനുമോദിച്ചു. സ്നേഹസൂചകമായി ഒരു സ്വർണമാലയും അദ്ദേഹത്തിന് രജനീകാന്ത് സമ്മാനമായി നൽകി.
മധുരയിലാണ് രജനി ശേഖർ കട നടത്തുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് രജനി ശേഖർ താരത്തിനെ കാണാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രജനീകാന്ത് മാല അണിയിക്കുന്ന ചിത്രങ്ങൾ ശേഖർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ ലാളിത്യത്തെയും ആരാധകന്റെ നന്മയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
നേരത്തേയും സമാനമായി ആരാധകരോടുള്ള തന്റെ ആദരം താരം പ്രകടിപ്പിച്ചിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന 'ജയിലർ 2' ആണ് രജനിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.