chiranjeevi-n

TOPICS COVERED

തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് നടന്‍ ചിരഞ്ജീവി. തെലുങ്ക് സിനിമാ ഇൻഡസ്ട്രി വളരെ പോസിറ്റീവും പ്രഫഷണലുമായ ഇടമാണെന്നും സ്വന്തം കഴിവിൽ വിശ്വാസവും അർപ്പണവുമുള്ളവർക്ക് ടോളിവുഡ് അവസരങ്ങൾ നൽകാറുണ്ടെന്നാണ് തന്റെ നീണ്ടകാലത്തെ അനുഭവത്തിൽനിന്ന് വ്യക്തമായതെന്നും ചിരഞ്ജീവി പറഞ്ഞു. മകളുടെ സിനിമാപ്രവേശനവുമായി കൂടി ബന്ധപ്പെടുത്തിയാണ് ചിരഞ്ജീവിയുടെ പരാമര്‍ശങ്ങള്‍. തന്‍റെ പുതിയ ചിത്രമായ 'മന ശങ്കര വരപ്രസാദ് ഗാരു'വിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തെലുങ്കിൽ കാസ്റ്റിങ് കൗച്ച് സംസ്‌കാരമില്ല. അത് വ്യക്തികൾക്കനുസരിച്ചിരിക്കും. സിനിമാ മേഖല കണ്ണാടിപോലെയാണ്. നിങ്ങളെന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക. ഏതുമേഖലയിലും അനിഷ്ടകരമായ സാഹചര്യങ്ങളുണ്ടാകാം. വ്യക്തിപരമായ അതിരുകളും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയും വേണം. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മുഴുവൻ വ്യവസായത്തിനാകെ ഒരുനിറം നൽകാൻ ശ്രമിക്കരുത്,' ചിരഞ്ജീവി പറഞ്ഞു. 

അതേസമയം ചിരഞ്ജീവിയുടെ പ്രസ്താവനക്ക് പിന്നാലെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തി. ഇങ്ങനെ വിഡ്ഢിത്തം പറയുന്നതിലും നല്ലത് ഇന്‍ഡസ്ട്രിയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് തുറന്നുസമ്മതിക്കുന്നതായിരുന്നു എന്ന് ഒരാള്‍ കുറിച്ചു. നിങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായില്ലെന്ന് കരുതി മറ്റാര്‍ക്കും ഉണ്ടായിട്ടില്ല എന്ന് പറയാന്‍ പറ്റുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. നിങ്ങള്‍ക്ക് സ്വാധീനമുള്ളതുകൊണ്ട് മകള്‍ക്ക് ഒന്നും സംഭവിക്കില്ല, എന്നാല്‍ സിനിമാ പശ്ചാത്തലമില്ലാതെ സാധാരണ അഭിനേതാക്കളുടെ കാര്യമോ എങ്ങയായിരിക്കും എന്നും ചിലര്‍ ചോദിച്ചു. 

തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ തെലുങ്കില്‍ നിന്നും കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് വെളിപ്പെടുത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിനിടെ നായകനടന്‍ കാരവാനില്‍ കയറി തന്നെ മോശമായി പിടിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് അയാളെ താന്‍ തല്ലിയെന്നും നടി പൂജ ഹെഗ്ഡേയും അടുത്തിടെ പറഞ്ഞിരുന്നു.