രജനികാന്ത്, ചിരഞ്ജീവി, എൻ.ടി രാമറാവു എന്നിവര്‍ അമിതാഭ് ബച്ചൻ സിനിമകൾ റീമേക്ക് ചെയ്താണ് സൂപ്പർതാരങ്ങൾ ആയതെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡ് സിനിമകൾ റീമേക്ക് ചെയ്യുന്നത് പതിവായിരുന്നുവെന്നും രാം ഗോപാൽ വർമ്മ വ്യക്തമാക്കി.
അമിതാഭ് ബച്ചനിൽ നിന്ന് സ്വീകരിച്ച മാസ് മസാല വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകൾ നിർത്തിയിട്ടില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകളിങ്ങനെ, തുടക്കത്തിൽ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചൻ ചിത്രങ്ങൾ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എൻ ടി രാമറാവുവും രാജ്കുമാറും ബച്ചന്‍റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകൾ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90-കളിൽ, ബച്ചൻ നീണ്ട അഞ്ച് വർഷത്തെ ഇടവേള എടുത്തു. ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു.
പിന്നീട് അവരുടെ സംഗീതം വിൽക്കാൻ വേണ്ടി മാത്രം ബോളിവുഡ് സിനിമകൾ ചെയ്തു. അപ്പോഴാണ് മേനെ പ്യാർ കിയ പോലുള്ള സിനിമകൾ പുറത്തുവന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സിനിമകൾ ഒരിക്കലും മാസ് സിനിമകളിൽ നിന്ന് പുറത്തുവന്നില്ല. അങ്ങനെയാണ് ഈ നടന്മാരെല്ലാം സൂപ്പർതാരങ്ങളായി മാറിയതെന്നും രാം ഗോപാൽ വർമ്മ വിശദീകരിച്ചു.
രജനികാന്തിന്റെ ഹിറ്റ് ചിത്രങ്ങളായ വേലൈക്കാരൻ, ബില്ല, ധർമത്തിൻ തലൈവൻ, മാവീരൻ എല്ലാം അമിതാഭ് ബച്ചൻ സിനിമകളുടെ റീമേക്ക് ആണ്. ഈ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ നേടുകയും രജനികാന്തിനെ സൂപ്പർതാരപദവിയിലേക്ക് ഉയർത്തുകയും ചെയ്ത ചിത്രങ്ങളാണെന്നും രാം ഗോപാൽ വർമ്മ ചൂണ്ടിക്കാട്ടി.