keerthy-suresh

ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന നടി കീര്‍ത്തി സുരേഷിന്‍റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചിരഞ്ജീവിയെ മനപൂര്‍വം കുറച്ചുകാണിക്കുകയാണെന്നും കളിയാക്കുകയാണ് ചെയ്തതെന്നുമായിരുന്നു ചിരഞ്ജീവി ആരാധകരുടെ പക്ഷം. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. 

താൻ ആരെയും മോശമാക്കി കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു. താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താൽപര്യമുണ്ട്. അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്നാല്‍ വാക്കുകള്‍ അങ്ങനെയാണ് വളച്ചൊടിച്ചത്.

എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. 

2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ് ആണെന്ന് കീർത്തി പറഞ്ഞത്. അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തി ചിത്രം. നാളെ സിനിമ തിയേറ്ററുകളിൽ എത്തും. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുക. 

ENGLISH SUMMARY:

Actress Keerthy Suresh has responded to the major controversy sparked by her comment on a 2024 interview where she named Vijay as her favourite dancer when asked to compare him with Chiranjeevi. Chiranjeevi fans had criticized her, accusing her of deliberately undermining or mocking the megastar.