റിലീസാവുന്നതിന് മുന്‍പ് തന്നെ തെന്നിന്ത്യയിലാകെ ചര്‍ച്ചയായിരിക്കുകയാണ് ഗീതു മോഹന്‍ദാസ്–യഷ് ചിത്രം 'ടോക്സിക്; എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്'. ചിത്രത്തിന്‍റെ ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷന്‍ വിഡിയോ കൂടി പുറത്തുവന്നതോടെ ചര്‍ച്ചയ്ക്ക് ചൂട് പിടിച്ചു. ലൈംഗിക രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിഡിയോ വലിയ വിവാദമായി. ഗീതു മോഹന്‍ദാസിന്‍റെ കസബ സിനിമയെ പറ്റിയുള്ള വിമര്‍ശനങ്ങളോട് ചേര്‍ത്താണ് ചില ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ഇപ്പോള്‍ വിവാദത്തില്‍ തന്‍റെ അഭിപ്രായം പറയുകയാണ് നടി ഭാവന. തനിക്ക് ആ സിനിമയുടെ കഥയോ കണ്സപ്റ്റോ എന്താണെന്ന് അറിയില്ലെന്നും അങ്ങനത്തെ കാര്യങ്ങളൊന്നും ആ സിനിമയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച ചെയ്യുകയോ സംസാരിച്ചിട്ടോ ഇല്ലെന്നും ഭാവന പറഞ്ഞു. വെറും ഒരു ടീസർ വെച്ച് എനിക്ക് ആ സിനിമയെക്കുറിച്ച് ഒന്നും പറയാനും പറ്റില്ലല്ലോ എന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.
ഒരു സിനിമയുടെ ആദ്യ പ്രൊമോഷൻ എന്ന നിലയിൽ ആ ടീസറിന് കിട്ടുന്ന സ്വീകാര്യത നല്ലതാണോ ചീത്തയാണോ എന്നത് ഓരോരുത്തർക്കും ഓരോന്നായിരിക്കും. അത് തുറന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. മുൻപ് ആ സിനിമയുടെ സംവിധായിക തുറന്നു പറഞ്ഞ ഒരു കാര്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു വിമർശനവും വന്നിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഈ ചർച്ച ഉണ്ടാവുമായിരുന്നോ എന്നും സംശയമാണ്. ഞാൻ ഇതെല്ലാം സിനിമയായിട്ട് കാണുന്ന ഒരാളാണ്. സിനിമ എന്നുള്ള രീതിയിൽ ഇത്രയും ചർച്ച ചെയ്യപ്പെടാനുള്ള കാരണം പോലും മുൻപ് നടന്ന ചില കാരണങ്ങൾ കൊണ്ടാണെന്ന് മനസിലാക്കുന്നുമുണ്ടെന്നും ഭാവന പറഞ്ഞു.
'ഒരു ഹീറോ ചില പ്രത്യേക തരം സീനുകൾ മാത്രമേ അഭിനയിക്കൂ, അല്ലെങ്കിൽ ഇങ്ങനെ മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം ഞാൻ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമുള്ള ആളാണ്. അത് നെഗറ്റീവ് ആയിരിക്കാം. ഭാവിയില്‍ ഞാൻ ഒരു നെഗറ്റീവ് ക്യാരക്ടർ ചെയ്തേക്കാം. അതുകൊണ്ട് ആരും ഇങ്ങനെയുള്ള സീനുകളിൽ അഭിനയിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ല. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നല്ലതു മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്നു തീരുമാനിക്കുന്നത് ഒരു നല്ല തീരുമാനമായി എനിക്കു തോന്നിയിട്ടില്ല,' ഭാവന പറഞ്ഞു.
നമ്മളെല്ലാവരും ഹോളിവുഡ് സിനിമകളൊക്കെ കാണുന്നവരല്ലേ. അങ്ങനെ പ്രത്യേക മൈൻഡ് സെറ്റല്ല എല്ലാവർക്കും. വളരെ ഓപൺ ആയിട്ടുള്ള ഓഡിയൻസ് ആണ് നമുക്കുളളത്. പ്രത്യേകിച്ചും മലയാളം പ്രേക്ഷകർ! പണ്ട് ഉണ്ടായിരുന്നതിൽ നിന്നൊക്കെ മാറി. നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കും. നല്ല സിനിമയല്ലെങ്കിൽ സ്വീകരിക്കില്ല. അത്രേയുള്ളൂ. അതിനിടയിൽ വരുന്ന കാര്യങ്ങളൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായിട്ടുള്ള വിശദീകരണങ്ങളും അഭിപ്രായങ്ങളുമാണ്.