TOPICS COVERED

കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും അതിന് വര്‍ഗീയമായ കാരണങ്ങളുണ്ടാകാമെന്നുമുള്ള  എ.ആര്‍.റഹ്‍മാന്‍റെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകള്‍ ആണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ വര്‍ഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നതെന്നാണ് റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

റഹ്മാന്‍റെ പരാമര്‍ശത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗായകന്‍ അനൂപ് ജലോട്ട. മതം കാരണം റഹ്മാന് അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹം ഹിന്ദു മതത്തിലേക്ക് മടങ്ങിവരണമെന്നാണ് അനൂപ് ജലോട്ട പറഞ്ഞത്. ഹിന്ദുമതത്തിലേക്ക് മടങ്ങിവന്നാൽ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടാവണമെന്നും പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറഞ്ഞു. 

'രാമായണത്തിന് സംഗീതം നല്‍കുന്ന മുസ്​ലിം...'; മറുപടിയുമായി എ.ആര്‍.റഹ്മാന്‍

'സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഹിന്ദുവായിരുന്നു. പിന്നീട് ഇസ്​ലാം മതം സ്വീകരിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹം ധാരാളം പ്രശസ്തമായ പാട്ടുകൾ ചെയ്യുകയും പ്രശസ്തിയും പ്രേക്ഷകരുടെ സ്നേഹവും നേടിയെടുക്കുകയും ചെയ്തു. എന്നാൽ തന്‍റെ മതം കാരണം രാജ്യത്ത് തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് അദ്ദേഹത്തിന് ഇന്നും തോന്നുന്നുണ്ടെങ്കിൽ, വീണ്ടും ഹിന്ദുവാകുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കണം. 

ഹിന്ദുമതത്തിലേക്ക് മടങ്ങിവന്നാൽ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടാവണം. അദ്ദേഹത്തിന്‍റെ അഭിമുഖത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇതാണ്. അതിനാൽ, അദ്ദേഹം വീണ്ടും ഹിന്ദുമതത്തിലേക്ക് മാറണമെന്നും അങ്ങനെ ചെയ്താൽ അവസരങ്ങൾ ലഭിക്കുമോ എന്ന് നോക്കണമെന്നും ഞാൻ  നിർദേശിക്കുന്നു,' അനൂപ് ജലോട്ട പറഞ്ഞു. 

ഹിന്ദി സിനിമ വല്ലാതെ മാറി; പിന്നില്‍ വര്‍ഗീയവികാരം ഉണ്ടായിരിക്കാം: എ.ആര്‍.റഹ്മാന്‍

ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്നും അഭിമുഖത്തില്‍ എ.ആര്‍.റഹ്മാന്‍ പറഞ്ഞിരുന്നു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’

മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളില്‍ താന്‍ സഹകരിക്കാറില്ലെന്നും റഹ്മാന്‍ തുറന്നുപറഞ്ഞു. വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്ന് റഹ്മാന്‍ സമ്മതിച്ചു. ‘പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്‍റെ സംഗീതം ഏറ്റെടുത്തത്. സിനിമ കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനൊന്നും കഴിയില്ല. പ്രേക്ഷകര്‍ വളരെ സമര്‍ഥരാണ്,' റഹ്മാന്‍ പറഞ്ഞു.

ENGLISH SUMMARY:

A.R. Rahman's Bollywood opportunities have become a talking point after his recent interview. Anoop Jalota suggests A.R. Rahman consider converting back to Hinduism if facing religious discrimination in Bollywood.