നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാമനും സീതയുമായി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും അഭിനയിക്കുന്ന ചിത്രത്തില്‍ യഷ് ആണ് രാവണനായി എത്തുന്നത്. എ.ആര്‍.റഹ്മാനും ഹാന്‍സ് സിമ്മറും ചിത്രത്തിന്‍റെ സംഗീതത്തിനായി കൈ കോര്‍ക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.
രാമായണത്തിന് സംഗീതം നല്‍കുന്നതിനെ പറ്റി സംസാരിക്കുകയാണ് റഹ്മാന്‍. താനൊരു ബ്രാഹ്മണ സ്കൂളിലാണ് പഠിച്ചതെന്നും രാമായണവും മഹാഭാരതവും എന്താണെന്ന് തനിക്ക് അറിയാമെന്നും റഹ്മാന്‍ പറഞ്ഞു. ഹാൻസ് സിമ്മർ ജൂതനും താൻ മുസ്ലിമും രാമായണം ഹൈന്ദവവുമാണെന്നും അത്ര സ്നേഹത്തോടെ നമ്മൾ ഇന്ത്യയിൽ നിന്നും ലോകത്തിനു മുഴുവൻ കൊടുക്കുന്നതാണ് രാമായണമെന്നും ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാമായണത്തിന് സംഗീതം നല്‍കുന്ന മുസ്ലിം എന്ന നിലയ്ക്കുള്ള ആശങ്കകളുണ്ടോ എന്ന ചോദ്യത്തോടായിരുന്നു റഹ്മാന്‍റെ പ്രതികരണം.
'ഞാനൊരു ബ്രാഹ്മണ സ്‌കൂളിലാണ് പഠിച്ചത്. എല്ലാ വർഷവും ഞങ്ങൾക്ക് രാമായണവും, മഹാഭാരതവും ഒക്കെ ഉണ്ടായിരുന്നു. അതിനാൽ അത് എന്താണെന്ന് എനിക്ക് അറിയാം. ഒരു വ്യകതി എത്ര സദ്ഗുണം ഉള്ളവൻ ആണെന്നും ഉയർന്ന ആദർശങ്ങളെ കുറിച്ചുമെല്ലാം അതിൽ പറയുന്നു. ആളുകള്‍ തര്‍ക്കിച്ചേക്കാം. എന്നാല്‍ നല്ല കാര്യങ്ങളെ ഞാന്‍ വിലമതിക്കുന്നു. പഠിക്കാനാവുന്ന ഏത് നല്ല കാര്യങ്ങളേയും.
അറിവ് വിലമതിക്കാനാവാത്തതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്, അത് എവിടുന്നുമായിക്കോട്ടെ, രാജാവില്‍ നിന്നോ ഭിക്ഷക്കാരനില്‍ നിന്നോ, നമുക്ക് അതില്‍ നിന്നും മാറിനില്‍ക്കാനാവില്ല. ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും സ്വര്‍ഥതയില്‍ നിന്നും നാം ഉയരണം. ഈ സിനിമയില്‍ ഞാൻ ആത്മാർഥമായി അഭിമാനിക്കുന്നു. ഹാൻസ് സിമ്മർ ജൂതനാണ്, ഞാൻ മുസ്ലിമും, രാമായണം ഹൈന്ദവവും. കാരണം ഇത് അത്ര സ്നേഹത്തോടെ നമ്മൾ ഇന്ത്യയിൽ നിന്നും ലോകത്തിനു മുഴുവൻ കൊടുക്കുന്നതാണ്,' റഹ്മാന്‍ പറഞ്ഞു.
'ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്ന് റഹ്മാന്‍ സമ്മതിച്ചു. പക്ഷേ ധൈര്യവും പരാക്രമവുമാണ് ഛാവയുടെ അടിസ്ഥാന വികാരം. അതുകൊണ്ടാണ് അതിന്‍റെ സംഗീതം ഏറ്റെടുത്തതെന്നും റഹ്മാന്‍ പറഞ്ഞു.
പിന്നാലെ എ.ആർ.റഹ്മാനെതിരെ നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. താൻ സംവിധാനംചെയ്ത ചിത്രമായ 'എമർജൻസി' ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ച് റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് കങ്കണ പറഞ്ഞു. റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം നിറഞ്ഞ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ ആഞ്ഞടിച്ചു. താൻ ഒരു കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതിനാൽ സിനിമാ വ്യവസായത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും, എന്നാൽ റഹ്മാനെപ്പോലെ വിദ്വേഷമുള്ള ഒരാളെ കണ്ടിട്ടില്ലെന്നും കങ്കണ പറഞ്ഞു.