സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ശീര്‍ഷക പ്രകാശനം നാളെ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ പൂജയെപ്പറ്റിയുള്ള വിവരങ്ങള്‍ മമ്മൂട്ടി തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കഥയും തിരക്കഥയുമൊക്കെ തയാറായെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ മുഖ്യാതിഥിയായി മമ്മൂട്ടി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു അടൂരുമായുള്ള കൂടിക്കാഴ്ച. നടന്‍ മധുവിനെ കണ്ണമൂലയിലെ വീട്ടിലെത്തി കണ്ട മമ്മൂട്ടി അടൂരിനെയും സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് സിനിമ നിര്‍മിക്കാനുള്ള താല്‍പര്യം അറിയിച്ചത്. അന്ന് മമ്മൂട്ടിക്കമ്പനി പുതിയ ചിത്രത്തെക്കുറിച്ച് അടൂരുമായി ആശയവിനിമയം നടത്തിയതോടെയാണ് സിനിമ യാഥാര്‍ഥ്യമാകുന്നത്.
1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ശബ്ദമിശ്രണത്തിനുമുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ് അനന്തരം. 1990 ല്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മതിലുകള്‍ സിനിമയായപ്പോള്‍ ബഷീറായി മമ്മൂട്ടിയെത്തി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്കും മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അടൂരിനും മതിലുകള്‍ നേടിക്കൊടുത്തു. 1993 ല്‍ സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ എന്ന നോവല്‍ വിധേയന്‍ എന്നപേരില്‍ സിനിമയായപ്പോഴും പട്ടേലരായി അടൂര്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ. ദേശീയതലത്തില്‍ വീണ്ടും മികച്ച നടനായി മമ്മൂട്ടി. മമ്മൂട്ടിയുടെ മൂന്നു ദേശീയ അവാര്‍ഡ് നേട്ടങ്ങളില്‍ രണ്ടിലും അടൂരിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നതാണ് ശ്രദ്ധേയം. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ് ഡോ. ബാബാ സാഹേബ് അംബേദ്‌കര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിക്ക് മൂന്നാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. അങ്ങനെ 32 വര്‍ഷത്തിനുശേഷമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.