പരാശക്തി സിനിമക്കെതിരെ വരുന്ന സൈബര്‍ അറ്റാക്കില്‍ പ്രതികരണവുമായി സംവിധായിക സുധ കൊങ്കര. തന്‍റെ സിനിമ ഇനിയും കൂടുതല്‍ പേരിലേക്ക് എത്താനുണ്ടെന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'സിനിമ അതിന്‍റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു,' സുധ പറഞ്ഞു.
അപവാദ പ്രചാരണങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് അറിയാമെന്നും സംവിധായക പറഞ്ഞു. പരോക്ഷ വിമര്‍ശനം വിജയ് ആരാധകര്‍ക്കെതിരെയാണ്. 'പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അത് എവിടെ നിന്ന് വരുന്നു എന്ന് നമുക്ക് അറിയാം.
ബ്ലാസ്റ്റ് തമിഴ് സിനിമ എന്ന അക്കൗണ്ടില്‍ വന്ന ഒരു പോസ്റ്റ് വായിക്കാം. സിബിഎഫ്സിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് വലിയ കാര്യമല്ല. അണ്ണന്‍റെ ഫാന്‍സിനോട് സോറി പറഞ്ഞ് മാപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വാങ്ങ്. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അവര്‍ ക്ഷമിച്ചാല്‍ പരാശക്തി ഓടും, എന്നാണ് അവര്‍ പറഞ്ഞത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പശ്ചാത്തലത്തിലുള്ള ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശ്രീലീല, അഥര്‍വ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.