നിവിൻ പോളി–അഖിൽ സത്യൻ ചിത്രം ‘സർവം മായ’യിലെ അതിഥിവേഷത്തിന്റെ സന്തോഷം പങ്കുവച്ച് പ്രിയ വാര്യർ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. കുറിപ്പ് പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. നിവിന്‍ പോളി, അജു വര്‍ഗീസ്, റിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് സിനിമയിലെ പ്രിയയുടെ  അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചത്. അല്പനേരത്തേയ്ക്ക് ആയിരുന്നുവെങ്കിലും മനോഹരമായിരുന്നു എന്നായിരുന്നു ആരാധകരുടെ കമന്‍റ്. 

സംവിധായകന്‍ അഖിൽ സത്യനോട് ഒരുപാട് ബഹുമാനവും സ്നേഹവുമുണ്ട്. ഇത്രയും മനോഹരമായ ടീമിനൊപ്പം പ്രവര്‍ത്തിച്ച് മതിയായില്ലെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. തന്റെ സ്വപ്നലോകത്ത് ജീവിക്കുന്ന സ്വഭാവം മുൻകൂട്ടി അറിഞ്ഞാണോ അഖിൽ ചേട്ടൻ ഈ വേഷം നൽകിയതെന്ന് പ്രിയ തമാശരൂപേണ കുറിപ്പില്‍ ചോദിക്കുന്നു. 

സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ച പ്രിയ നിവിന്‍ പോളിയാണ് യഥാർഥ ചിരിക്കുടുക്ക എന്നുപറയുന്നു. നിവിൻ സെറ്റിലേക്ക് കടന്നുവരുമ്പോൾ ആ ലൊക്കേഷൻ മുഴുവൻ പ്രകാശിക്കുന്നതു പോലെയായിരുന്നു. അത് കാണാന്‍ കഴിഞ്ഞതും ഒപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതും വലിയൊരു ഭാഗ്യമാണെന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു. ‘നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു,’ എന്നാണ് അജു വർഗീസിനെക്കുറിച്ച് പ്രിയ വാര്യരുടെ കമന്റ്.

പ്രിയ വാര്യരുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

പ്രഭേ, ഞാൻ ആണ് ഡെലുലു! ഈ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ ഒരു സ്വപ്നലോകത്ത് ജീവിക്കുന്ന ആളാണെന്ന് അഖിൽ ചേട്ടന് മുൻകൂട്ടി അറിയാമായിരുന്നു എന്ന് തോന്നുന്നു. അഖിൽ ചേട്ടാ, നിങ്ങളോടെനിക്ക് അതിയായ ബഹുമാനവും സ്നേഹവുമുണ്ട്. വളരെ കുറഞ്ഞ സമയത്തേക്കായിരുന്നു എങ്കിലും, നിങ്ങളോടും നിങ്ങളുടെ അടിപൊളി ടീമിനോടും ഒപ്പം ഷൂട്ട് ചെയ്തത് വളരെ രസകരമായിരുന്നു. എന്തൊരു പോസിറ്റീവും പ്രഫഷനലുമായ അനുഭവം! പക്ഷേ സ്വാർത്ഥമായി പറഞ്ഞാൽ, സമയം മതിയായില്ല എന്ന് തോന്നിപ്പോയി. അതുകൊണ്ട് അത്യാഗ്രഹത്തോടെ ഇനിയും കൂടുതൽ ആഗ്രഹിച്ചു പോകുന്നു.

നിവിൻ ചേട്ടാ, നിങ്ങളാണ് യഥാർത്ഥ "ചിരിക്കുടുക്ക"! നിങ്ങളുടെ ചിരി - അത് പകരുന്നതായിരുന്നു. നിങ്ങളുടെ ഊർജ്ജം - അതും അതുപോലെ തന്നെ. നിങ്ങൾ സെറ്റിലേക്ക് കടന്നുവരുമ്പോൾ ആ ലൊക്കേഷൻ മുഴുവൻ പ്രകാശിക്കുന്നതുപോലെയായിരുന്നു. അതിന് സാക്ഷിയാകാൻ കഴിഞ്ഞത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. നിങ്ങളോടൊപ്പം സ്ക്രീൻ പങ്കിടാനും ഒന്നിച്ച് ചിരിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ഇപ്പോഴും അതിനെക്കുറിച്ച് എല്ലാവരോടും പൊങ്ങച്ചം പറഞ്ഞു നടക്കുകയാണ്.

റിയ, നിന്നെപ്പോലെ അത്ര നല്ലൊരു 'ഡെലൂലു' ആകാൻ എനിക്ക് കഴിഞ്ഞോ എന്നറിയില്ല, പക്ഷെ ഞാൻ ശ്രമിച്ചിട്ടുണ്ട്! അഭിനന്ദനങ്ങൾ ! അജു ചേട്ടാ, നിവിൻ ചേട്ടൻ അടയാണെങ്കിൽ അതിലെ ശർക്കര നിങ്ങളായിരുന്നു. പ്രീതി, മലയാള സിനിമയിലേക്കും നൂറ് കോടി ക്ലബ്ബിലേക്കും സ്വാഗതം!!!അരുൺ അജികുമാർ, നീ നിന്റേതായ വഴി കണ്ടെത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം! ശരൺ, എന്നെ സ്ക്രീനിൽ ഇത്ര ഭംഗിയായി കാണിച്ചതിന് നന്ദി! ജസ്റ്റിൻ, നിങ്ങളുടെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഈ സിനിമയെ പൂർണ്ണമാക്കിയത്!ഇനി ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ, ക്ഷമിക്കണം. 

അഖിൽ ചേട്ടാ, 'സർവം മായ'യുടെ ഭാഗമാക്കിയതിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി. അവസാനമായി, നിങ്ങൾ ഓരോരുത്തരും നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ ഒരുപാട് നന്ദി പറയുന്നു. എന്റെ ചെറിയ വേഷം ശ്രദ്ധിക്കുകയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്ത, അതുപോലെ ഈ സിനിമയെ ഒരു വലിയ വിജയമാക്കാൻ സഹായിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി.‘ഡെലുലു ഓൺ ഫ്ലൈറ്റ് മോഡ്’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് പ്രിയ വാര്യരുടെ അതിഥി വേഷത്തെ സംവിധായകൻ അഖിൽ സത്യൻ പരിചയപ്പെടുത്തിയത്. ഈയൊരു വേഷത്തെക്കുറിച്ച് പറഞ്ഞപ്പോൾ രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാതെ സമ്മതിച്ച താരമാണ് പ്രിയയെന്നും അഖിൽ വെളിപ്പെടുത്തിയിരുന്നു. 

‘പ്രിയ, വാക്കുകൾക്കതീതമായ നന്ദി! ഒരു മടിയും കൂടാതെ ഈ അതിഥി വേഷം ചെയ്യാൻ സമ്മതിച്ചത് ഞങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം നൽകിയ ഒന്നാണ്. നിങ്ങളുടെ പ്രതിബദ്ധതയെയും പ്രഫഷണലിസത്തെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. അതോടൊപ്പം, അകത്തും പുറത്തും ഒരുപോലെ സൗന്ദര്യമുള്ള വ്യക്തിയായതിനും നന്ദി,’ അഖിൽ കുറിച്ചു.

ENGLISH SUMMARY:

Priya Varrier recently expressed her immense joy and gratitude for being part of Akhil Sathyan's latest film, "Sarvam Maaya." In a heartfelt Instagram post, she shared her wonderful experience working with a professional and positive team. The actress mentioned that her time on set felt too short and expressed a greedy desire to work with them more.