അച്ഛന്‍റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി സ്വാസിക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങളും വിഡിയോയും സ്വാസിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അച്ഛനൊപ്പമുള്ള ഈ ജന്മദിനം തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് താരം കുറിച്ചു. ‘അച്ഛയ്ക്ക് എഴുപതായി. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ആഘോഷിക്കുന്ന അച്ഛന്റെ ആദ്യ ജന്മദിനമാണ് ഇത്. അതുകൊണ്ട്, ഇതെനിക്ക് സ്പെഷൽ ആണ്, ലവ് യൂ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അച്ഛന് പൊന്നാട അണിയിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. സ്വാസികയും ഭർത്താവ് പ്രേം ജേക്കബും ചേര്‍ന്നാണ് അച്ഛനെ പൊന്നാട അണിയിച്ചത്. പൊന്നാട അണിയിച്ച് കാൽതൊട്ടു വണങ്ങിയ താരം പിറന്നാൾ മധുരം പങ്കുവച്ച് അച്ഛനെ കെട്ടിപ്പിടിച്ചു. സ്വാസികയ്ക്കും ഭർത്താവ് പ്രേം ജേക്കബിനും ഒപ്പം ആഘോഷങ്ങളിൽ പങ്കുചേർന്ന അച്ഛൻ വിജയകുമാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെല്ലാം വിഡിയോയിലുണ്ട്.
പബ്ലിസിറ്റിയിൽ നിന്നും ക്യാമറകളിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ് സ്വാസികയുടെ അച്ഛൻ. അതുകൊണ്ടുതന്നെ സ്വാസികയുടെ വിഡിയോകളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അച്ഛൻ വിജയ് കുമാർ സപ്തതി ആഘോഷത്തിൽ കളിച്ചും ചിരിച്ചും ഇടയ്ക്കൊക്കെ നൃത്തം ചെയ്തും നിറസാന്നിധ്യമായി. അച്ഛന്റെ സപ്തതി ആഘോഷം ഇത്രയും മനോഹരമായ ഓർമയാക്കി മാറ്റിയ സ്വാസികയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമലോകം. ഇതുപോലൊരു മകളെ കിട്ടിയ അച്ഛന്‍ ഭാഗ്യവാനാണ് എന്നാണ് വിഡിയോയ്ക്ക് ലഭിച്ച കമന്‍റ്.