Image Credit: Facebook/vijaybabu
ഗീതു മോഹന്‍ദാസിന്‍റെ ടോക്സിക് ടീസര്‍ വിവാദമായതിന്‍റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിജയ് ബാബുവിന്‍റെ വിമര്‍ശനം. ഇരട്ടത്താപ്പിന്‍റെ രാജ്ഞിമാരാണ് സംഘടനയിലുള്ളതെന്നും അവരെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും കുറിപ്പില്‍ പറയുന്നു. അവര്‍ക്കാണ് പ്രിവിലേജ് ഉള്ളതെന്നും അതുകൊണ്ട് മിണ്ടാതെ മാറി നില്‍ക്കുകയാണെന്നും കുറിപ്പില്‍. പുരുഷനെ/ പുരുഷന്‍മാരെ ആക്രമിക്കാന്‍ നേരം മാത്രമാണ് അവര്‍ കൂട്ടായ്മ കാണിക്കുന്നതെന്നും പിന്നീട് സ്വന്തം വഴിക്ക് പിരിഞ്ഞുപോകുമെന്നും വിജയ് ബാബു ആരോപിക്കുന്നു.
കുറിപ്പിങ്ങനെ: 'ഇരട്ടത്താപ്പിന്‍റെ രാജ്ഞിമാരെ കുറിച്ചാണ്... അവര്‍ പറയുന്ന കഥകളെ കുറിച്ചാണ്. അവരെ ഓരോരുത്തരെയും കുറിച്ചുള്ള കഥകള്‍ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല. പ്രതികരിക്കാതെ മാറി നില്‍ക്കുന്നതാണ്. കാരണം അവരുടെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കാനുമുള്ള പ്രിവിലേജ് എല്ലാക്കാലവും അവര്‍ക്ക് മാത്രമുള്ളതാണ്. എപ്പോഴാണോ ഒരു പുരുഷനെ അല്ലെങ്കില്‍ പുരുഷന്‍മാരെ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ആക്രമിക്കേണ്ടത്, അപ്പോള്‍ മാത്രം അവര്‍ കൂട്ടായ്മ കാണിക്കും. പിന്നെ അടുത്തത് വരുമ്പോഴേ കാണുകയുള്ളു. സ്വന്തമായി ഒരു നിലവാരവും ഇക്കൂട്ടര്‍ക്കില്ലാത്തതാണ് കാരണം. തലയുമില്ല, വാലുമില്ല, ധാര്‍മികതയോ നയമോ ചട്ടമോ ഒന്നുമില്ല. കാലാകാലങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ മാത്രം രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ്. അത്ര തന്നെ'.
പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍പ് വിജയ് ബാബു അറസ്റ്റിലായിരുന്നു. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്‍റെയും പിന്‍ബലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. 2022 ഏപ്രില്‍ 22ന് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച് യുവ നടിയെ വിജയ് ബാബു കൂട്ടിക്കൊണ്ട് പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു രാജ്യം വിടുകയും ചെയ്തിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിലാണ് വിജയ് ബാബു നാട്ടിലെത്തിയതും നിയമനടപടി നേരിട്ടതും. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇതിനെ ലൈംഗിക പീഡനമാക്കി ചിത്രീകരിച്ചതാണെന്നുമായിരുന്നു വിജയ്ബാബുവിന്‍റെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ അതിജീവിതയായ യുവതിക്കൊപ്പം മാത്രമാണെന്ന് ഡബ്ല്യുസിസി തുറന്ന് പ്രഖ്യാപിച്ചിരുന്നു. യുവനടിയുടെ പേര് വെളിപ്പെടുത്തിയതിലും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കസബയിലെ സ്ത്രീ വിരുദ്ധ രംഗത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച ഡബ്ല്യുസിസി ടോക്സികില്‍ സ്ത്രീയെ വിപണിവസ്തുവെന്ന രീതിയില്‍ ചിത്രീകരിച്ചതില്‍ മൗനം പാലിച്ചുവെന്നതാണ് ദിവസങ്ങളായി സൈബര്‍ ലോകത്തെ ചര്‍ച്ച. ഇതിന് പിന്നാലെ തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞുവെന്ന് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയും ചെയ്തു. 'സ്ത്രീകളുടെ ആനന്ദം, സമ്മതം, സംവിധാനങ്ങളെ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന രീതി എന്നിവയെ കുറിച്ച് ആളുകള്‍ കൂലങ്കഷമായി ആലോചിക്കുന്നത് കണ്ട് ആസ്വദിച്ചിരിക്കുന്നുവെന്ന പോസ്റ്റര്‍ പങ്കിട്ടാണ് ഞാനിപ്പോള്‍ പറഞ്ഞുകഴിഞ്ഞുവെന്ന് ഗീതു കുറിച്ചത്. റീമ കല്ലിങ്കലും ഇതേ വാക്കുകളോടെ തന്‍റെ റീല്‍സ് പങ്കുവച്ചിട്ടുണ്ട്. ആഷിഖ് അബുവും ഗീതുവിന് പിന്തുണയുമായി എത്തിയിരുന്നു.
ടോക്സിക് ടീസര്‍ പുറത്തുവന്നതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിനെതിരെയും കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിലൊന്നും പ്രതികരിക്കാന്‍ ഇല്ലേ എന്നും സുഹൃത്ത് ചെയ്യുമ്പോള്‍ ന്യായീകരിക്കാന്‍ വഴികള്‍ കണ്ടെത്താമല്ലോ എന്നുമെല്ലാമായിരുന്നു താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്‍റുകള്‍. മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മൂത്തോന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ടോക്സിക്. കെജിഎഫിന്‍റെ ബ്ലോക്ബസ്റ്റര്‍ വിജയത്തിന് നാലുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ടോക്സികുമായി യഷ് എത്തുന്നത്.