ദുല്‍ഖര്‍ സല്‍മാന്‍ ഇല്യുമിനാറ്റിയോ? പരാശക്തി പുറത്തുവന്നതിന് പിന്നാലെ ഉയരുന്ന ചോദ്യമാണിത്. കാരണം ദുല്‍ഖര്‍ നിരസിച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രത്തിനാണ് വീണ്ടും സമ്മിശ്ര പ്രതികരണം ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്‍ പ്രധാനകഥാപാത്രമായെത്തിയ 'പരാശക്തി' റിലീസ് ചെയ്തിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററുകളില്‍ പതറുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് വര്‍മ, നസ്രിയ എന്നിവരായിരുന്നു തുടക്കത്തില്‍ ചിത്രത്തിലെ പ്രധാന കാസ്റ്റിങ്. എന്നാല്‍ പിന്നീട് ഇതിലേക്ക് ശികാര്‍ത്തികേയന്‍, ജയംരവി, ശ്രീലീല, അഥര്‍വ എന്നിവര്‍ എത്തുകയായിരുന്നു. റീലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് 'പരാശക്തി'ക്ക് ലഭിക്കുന്നത്.
മുന്‍പ് 'ഇന്ത്യന്‍ 2'വും 'തഗ്ലൈഫും' ദുല്‍ഖര്‍ ഡേറ്റിലെ പ്രശ്നങ്ങള്‍ കാരണം നിരസിച്ചിരുന്നു. കമല്‍ ഹാസന്‍– ശങ്കര്‍ ടീം വീണ്ടും ഒന്നിച്ച 'ഇന്ത്യന്‍ 2' ബോക്സ് ഓഫീസില്‍ ദുരന്തമായി മാറുകയാണുണ്ടായത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നം–കമല്‍ ഹാസന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച 'തഗ്ലൈഫി'ന് വന്‍ ഹൈപ്പാണുണ്ടായിരുന്നത്. എന്നാല്‍ ഇതും ദുല്‍ഖര്‍ നിരസിച്ചു. താരത്തിന് പകരം ചിമ്പുവാണ് പിന്നീട് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
അന്ന് ദുല്‍ഖറിന് വലിയ നഷ്ടമാവുമെന്ന് വിലയിരുത്തലുകള്‍ വന്നെങ്കിലും റിലീസോടെ കഥ മാറി. 'തഗ്ലൈഫ്' നിശിത വിമര്‍ശനം നേരിട്ടു. ചിത്രത്തിന് പകരം ദുല്‍ഖര്‍ തെലുങ്കില്‍ പോയി ചെയ്ത ലക്കി ഭാസ്കര്‍ താരത്തിന്‍റെ ഭാഗ്യം വീണ്ടും തെളിയിച്ച് 100 കോടി കളക്ഷന്‍ നേടി. തെലുങ്കിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം നേടുകയും ചെയ്തു. ദുല്‍ഖര്‍ നിരസിച്ച മൂന്നാമത്തെ ചിത്രവും പതറുമ്പോള്‍ പ്രേക്ഷകര്‍ താരത്തിന്‍റെ ദീര്‍ഘവീക്ഷണത്തെ പ്രശംസിക്കുകയാണ്.