യഷ് നായകനാകുന്ന ചിത്രം 'ടോക്സികി'ന്റെ ടീസറിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് സംവിധായിക ഗീതു മോഹൻദാസ്. റിമ കല്ലിങ്കൽ പങ്കുവച്ച റീൽ ഷെയർ ചെയ്തായിരുന്നു ഗീതു മോഹൻദാസിന്‍റെ പ്രതികരണം. ‘ഞാനിപ്പോൾ പറഞ്ഞു കഴിഞ്ഞു’ എന്ന് കുറിച്ചാണ് ഗീതു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ടീസറിനെതിരെ 2017ലെ ഗീതുവിന്റെ ‘സേ ഇറ്റ്’ പ്രസ്താവനയുമായിട്ടാണ് നെറ്റിസണ്‍സ് ട്രോളുകളും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ പ്രസ്താവനയുടെ തുടർച്ചയെന്നോണമായിരുന്നു ‘ഐ സെഡ് ഇറ്റ്’ എന്ന ഗീതുവിന്റെ മറുപടി.
‘സ്ത്രീകളുടെ ലൈംഗിക സംതൃപ്തി, സമ്മതം, വ്യവസ്ഥിതികളെ സ്ത്രീകൾ എങ്ങനെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവർ ആലോചിച്ച് തലപുകയ്ക്കുമ്പോൾ, ഞാൻ ഇവിടെ ജീവിതം ആസ്വദിക്കുകയാണെന്നാണ് റിമ റീലില്‍ കുറിച്ചത്. ‘ചില്‍’ ആയി നടക്കുന്ന, അലസമായി നടക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന റീലാണ് റിമ പങ്കുവച്ചിരിക്കുന്നത്. റീലില്‍ ഗീതുവിനേയും കൊളാബ് ചെയ്തിട്ടുണ്ട്. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യങ്ങളെ 'അശ്ലീലം' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്കുള്ള മറുപടി എന്ന നിലയിലാണ് റിമയുടെ പോസ്റ്റ്.
നേരത്തെ 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും' എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പ് പങ്കുവച്ചും റിമ രംഗത്തെത്തിയിരുന്നു. റീമയെ കൂടാതെ ഇതേ കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് നടി ദിവ്യപ്രഭയും ആഷിക്ക് അബുവും ഗീതു മോഹൻദാസിന് പിന്തുണയുമായി എത്തിയിരുന്നു. ലൈംഗികതയേയും സ്ത്രീശരീരത്തെയും മലയാളി സമൂഹം നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെയായിരുന്നു കുറിപ്പ് വിമര്‍ശിച്ചിക്കുന്നത്.
നടന്‍ യഷിന്റെ 40ാം ജന്മദിനമായ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ടോക്സിക്കിന്റെ ടീസര്‍ പുറത്തുവിട്ടത്. ആക്ഷന്‍– മാസ് രംഗങ്ങളും കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെജിഎഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യഷിന്‍റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാർച്ച് 19 നാണ് സിനിമ തിയേറ്ററിലെത്തുന്നത്.