സൂപ്പർതാരം യഷിന്‍റെ ജന്മദിനത്തിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ടോക്‌സിക്കി'ന്റെ ടീസർ പുറത്ത്. യഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മാസ് ഇൻട്രൊയാണ് ടീസറിലുള്ളത്. റായ എന്നാണ് യഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
ശ്മശാനത്തിൻ്റെ നിശ്ശബ്‌ദതയിൽ തുടങ്ങുന്ന ടീസർ, പെട്ടെന്ന് വെടിവെയ്പ്പിലേക്കും ആക്രമണങ്ങളിലേക്കും നീങ്ങുന്നു. വെടിയൊച്ചകൾക്ക് ഇടയിലൂടെയാണ് യഷ് കടന്നുവരുന്നത്. റായയുടെ ഓരോ ചുവടും അധികാരത്തിൻ്റെ അടയാളമാണ്. നീണ്ട വെടിവെപ്പിന് ശേഷം 'ഡാഡീസ് ഹോം' എന്ന ഡയലോഗും റായ പറയുന്നുണ്ട്. കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അതേസമയം സിനിമയുടെ ആദ്യ ടീസറിലെ ഹോട്ട് ദൃശ്യങ്ങൾക്ക് സംവിധായികയായ ഗീതുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
കെജിഎഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യഷിന്‍റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. യഷിന്‍റെ നാല്‍പതാം ജന്മദിനമാണിന്ന്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാർച്ച് 19 നാണ് സിനിമ തിയേറ്ററിലെത്തുന്നത്.
'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം.