സൂപ്പർ താരം യഷിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ടോക്‌സിക്കിന്‍റെ പുതിയ ടീസർ ചർച്ചയായതോടെ സംവിധായിക ഗീതു മോഹൻദാസിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ഗീതു മോഹൻദാസിനെ ഒരു പുരുഷ സംവിധായകനുമായും താരതമ്യം ചെയ്യാൻ പോലും ആകില്ലെന്നാണ് രാം ഗോപാൽ വർമ്മയുടെ വാക്കുകൾ. സ്ത്രീ ശാക്തീകരണത്തിൻ്റെ യഥാർത്ഥ പ്രതീകമാണ് ഗീതു മോഹൻദാസെന്നും രാം ഗോപാൽ വർമ്മ കുറിച്ചു.

'യഷ് അഭിനയിക്കുന്ന 'ടോക്സിക്കി'ന്‍റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ഏറ്റവും വലിയ പ്രതീകം. ഒരു പുരുഷ സംവിധായകനുമായും ഈ സ്ത്രീയെ താരതമ്യം ചെയ്യാൻ കഴിയുന്നില്ല... അവരാണ് ഇത് ചിത്രീകരിച്ചതെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' - എന്നായിരുന്നു രാം ഗോപാൽ വർമയുടെ വാക്കുകൾ.

അതേസമയം യഷിന്‍റെ ജന്മദിനത്തിൽ പങ്കുവെച്ച ടീസർ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടി. യഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മാസ് ഇൻട്രൊയാണ് ടീസറിലുള്ളത്. ആക്ഷൻ രംഗങ്ങൾക്കൊപ്പം കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിലുണ്ട്. ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ ഗീതു മോഹൻദാസിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.

നേരത്തെ മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീ വിരുദ്ധതയെ തുറന്നുകാണിച്ച ഗീതു, നായകനുവേണ്ടി അതേ രീതിയിലുള്ള എലമെൻസ് തന്നെയാണ് ടോക്സിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ENGLISH SUMMARY:

Geetu Mohandas is praised by Ram Gopal Varma as a symbol of women empowerment after the release of the 'Toxic' teaser. The director's statement highlights Geetu Mohandas' unique directorial talent, setting her apart from male directors in the film industry.