TOPICS COVERED

സമൂഹ മാധ്യമത്തിലൂടെ ബോഡി ഷെയ്മിങ്ങ് നടത്തിയ വ്യക്തിക്ക് മറുപടിയുമായി നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്ത്. നിന്നെ കാണാൻ ആണത്തം കൂടുതലാണെന്നും ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ഒരു ആണായി മാറുമെന്നുമായിരുന്നു സമൂഹ മാധ്യമത്തിലൂടെ ഒരാൾ കമന്‍റ് ചെയ്തത്. ഇതിനെതിരെയാണ് ദയ രംഗത്തെത്തിയത്. എന്‍റെ ആണത്തത്തെ ഉൾകൊള്ളാൻ കഴിയുന്നത്ര പൗരുഷം നിനക്ക് ഇല്ലാതെ പോയതിൽ താൻ ഖേദിക്കുന്നുവെന്നും ദയ പറയുന്നു.

‘ഒരാൾ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്ന് . എന്‍റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്‍റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ്‌ നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ. തീർന്നു.’– ദയ സുജിത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു

നേരത്തെ തന്‍റെ ശരീരഭാരത്തെക്കുറിച്ച് പരിഹസിച്ചവർക്കും ദയ ഇത്തരത്തിൽ ചുട്ട മറുപടി നൽകിയിരുന്നു. ‘നീ ഫുൾ വണ്ണം വച്ചല്ലോ, പഴയ നീയല്ലല്ലോ ഇത്" എന്ന് പറഞ്ഞവർക്ക്, സ്വന്തം കുറവുകൾ മറച്ചുവെച്ച് മറ്റുള്ളവരുടെ ശരീരത്തിലേക്ക് നോക്കുന്നവരുടെ സ്വഭാവത്തെ പരിഹസിച്ച് ‘കളിക്കല്ലേ’ എന്ന മാസ്സ് ഡയലോഗോടെ ദയ അന്ന് എത്തിയിരുന്നു.

ENGLISH SUMMARY:

Daya Sujith, daughter of Manju Pillai and Sujith Vasudev, responds strongly to body shaming comments on social media. She powerfully addresses a comment suggesting she looks masculine and would become completely male if she went to the gym.