bethlehem-kudumba-unit

 'പ്രേമം' മുതൽ 'സർവ്വം മായ' വരെ പ്രേക്ഷക മനം കവർ‍ന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം 'പ്രേമലു' ടീമും ആദ്യമായി ഒന്നിക്കുന്ന 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് സിനിമാ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.

സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. 'പ്രേമലു'വിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും 'പ്രേമലു' മേക്കേഴ്സിനൊപ്പം ഒന്നിക്കുകയുമാണ് ഈ സിനിമയിലൂടെ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'നുണ്ട്.

'സർവ്വം മായ'യിലൂടെ തന്‍റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്' എന്ന് നിസ്സംശയം പറയാം.

റൊമാന്‍റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി, പിആർഒ: ആതിര ദിൽജിത്ത്.

ENGLISH SUMMARY:

Bethlehem Kudumba Unit is the new Malayalam movie starring Nivin Pauly and directed by Girish A.D. This romantic comedy brings together the team behind 'Premalu' and features Mamitha Baiju, promising to be one of the most anticipated films of 2026.