Image: Instagram, Malavika Nair

TOPICS COVERED

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു നടി മാളവിക നായരുടെ അമ്മ സുചിത്ര നായരുടെ വിയോഗം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആ ഞെട്ടലില്‍ നിന്നും ഇനിയും പുറത്തുവരാനായിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് 56ാം വയസ്സിലായിരുന്നു അന്ത്യം. തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടു എന്നായിരുന്നു അമ്മയുടെ മരണ വാർത്ത പങ്കുവച്ച മാളവിക കുറിച്ചത്.

റിട്ടയേർഡ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണറായിരുന്ന പരേതനായ പി. ഹരിദാസന്റെയും ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജിലെ അധ്യാപികയായ പരേതനായ പ്രഫ. ബേബി ജി നായരുടെയും മകളാണ് സുചിത്ര. ചൊവ്വന്നൂർ പറപ്പൂർ വീട്ടിൽ സേതുമാധവൻ നായരാണ് ഭർത്താവ്. മാളവികയെ കൂടാതെ സുജിത്ത് ഹരിദാസ് എന്നൊരു മകൻ കൂടി സുചിത്ര സേതുമാധവനുണ്ട്. മാളവികയുടെ ജോലിയുമായി ബന്ധപ്പെട്ട് മുംൈബയിലായിരുന്നു താമസം. അവിടെ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. 

മാളവികയുടെ കരിയറിനും യാത്രകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒപ്പം നിന്നയാളാണ് അമ്മ. നടിയുടെ സോഷ്യല്‍മീഡിയ പേജും സിനിമകളുടെ ഡേറ്റും അടക്കം സുചിത്ര കൈകാര്യം ചെയ്തു. മകളുടെ മാനേജറെന്നു പറയുന്നതു പോലെയായിരുന്നു ആ അമ്മയുടെ കരുതലുകളെല്ലാം. ഒടുവിൽ മകള്‍ക്ക് അന്യസ്ഥലത്ത് ജോലി ലഭിച്ചപ്പോൾ സ്വന്തം നാടായ തൃശൂര് വിട്ട് മുംബൈയിലേക്ക് താമസം മാറ്റി.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാളവിക ആദ്യ സിനിമയായ ‘കറുത്തപക്ഷികളിൽ’ അഭിനയിക്കുന്നത്. ചിത്രത്തിൽ മമ്മൂ‍ട്ടിയുടെ മകൾ മല്ലിയെന്ന കാഴ്ചയില്ലാത്ത പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും സ്വന്തമാക്കി.  ഓർക്കുക വല്ലപ്പോഴും, ശിക്കാർ, മായ ബസാർ, അക്കൽധാമയിലെ പെണ്ണ്, ഭ്രമം, സിബിഐ 5, ഡഫേദാർ എന്നിവയാണ് മാളവിക അഭിനയിച്ച മറ്റു സിനിമകൾ. 

ENGLISH SUMMARY:

Suchitra Nair's sudden demise has shocked many. The actress Malavika Nair's mother passed away due to a heart attack at the age of 56.