‘അച്ഛന്‍ പോയതില്‍ പിന്നെ ഒന്നും പഴയ പോലെയല്ല, ജീവിതം ഒട്ടും എളുപ്പമായിരുന്നില്ലച്ഛാ, എങ്കിലും അച്ഛൻ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ ഞാൻ മുന്നോട്ട് പോകുന്നു’– നടന്‍ ദിലീപ് ശങ്കറിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മകള്‍ ദേവ പങ്കുവച്ച വാക്കുകളാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്നും ഫോൺ ശബ്ദിക്കുമ്പോഴെല്ലാം, അത് അച്ഛനായിരുന്നെങ്കിൽ എന്നോര്‍ക്കുമെന്നും ദേവ പറയുന്നു. ‘ഇതെല്ലാം ഒരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്നുഞാൻ ഒരുപാട് ആഗ്രഹിച്ചുപോവുകയാണ്, എന്‍റെ ഓരോ ചെറിയ നേട്ടങ്ങളിലും, അതെത്ര നിസ്സാരമാണെങ്കിലും, അച്ഛനെ വിളിക്കുന്നതും, അപ്പോൾ എന്നേക്കാൾ കൂടുതൽ സന്തോഷിച്ചിരുന്ന അച്ഛനെയും, ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. അച്ഛന് എന്നെയോർത്ത് എപ്പോഴും അഭിമാനമായിരുന്നു, അച്ഛന്‍റെ ഓരോ പ്രവൃത്തിയിലും ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നെ കാണാൻ വേണ്ടി ഒന്നോ രണ്ടോ ദിവസം അവധിയെടുത്ത് വരുന്ന അച്ഛനില്ലാതെ, ഇപ്പോൾ വീട്ടിലേക്കുള്ള യാത്രകൾക്കുപോലും ഒരു പ്രത്യേകതയില്ലാത്ത പോലെയാണ്’– ദേവ കുറിച്ചു.
എനിക്ക് അച്ഛന്‍റെ ഛായയുണ്ടെന്ന് ആരെങ്കിലും പറയുമ്പോള്‍ അതെന്‍റെ ഹൃദയം നിറയ്ക്കും, അച്ഛന്‍റെ ഒരു ഭാഗം ഇപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ടെന്ന് തോന്നും പോലെ. അച്ഛന്‍റെ അംശങ്ങൾ എന്നിലും ഡിച്ചുവിലും കാണുമ്പോൾ എനിക്ക് വലിയൊരാശ്വാസം തോന്നാറുണ്ട് മിസ്സ് യൂ അച്ഛാ. എപ്പോഴും.– ദേവ എഴുതുന്നു. അച്ഛനും മകളും ചേര്‍ന്നുചെയ്ത റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.
സീരിയലുകളിലൂടെ പ്രശസ്തനായ ദിലീപിന്‍റെ മരണം കുടുംബത്തേയും സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളേയുമടക്കം ഞെട്ടിച്ച സംഭവമായിരുന്നു. നിരവധി ഹിറ്റ് പരമ്പരകളില്‍ പ്രധാന കഥാപാത്രങ്ങളായെത്തി ആരാധകരുടെ മനസില്‍ എന്നുംനിലകൊള്ളുന്ന ഓര്‍മയായി മാറി ദിലീപ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയലിന്‍റെ ചിത്രീകരണത്തിനായി എത്തിയ അദ്ദേഹം രണ്ടു ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.