ആരാധകര്‍ തിക്കിതിരക്കിയതിന് പിന്നാലെ വിമാനത്താവളത്തില്‍ വീണ് നടന്‍ വിജയ്. മലേഷ്യയിലെ 'ജനനായകൻ' പരിപാടിക്ക് ശേഷം ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന തന്റെ അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ചിന് ശേഷം മടങ്ങിയെത്തിയതായിരുന്നു താരം.
വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന് കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ താരത്തിന് ചുറ്റും പാപ്പരാസികളും ആരാധകരും തടിച്ചുകൂടി. തിരക്കിനിടയിൽ, കാറിൽ കയറുന്നതിന് തൊട്ടുമുന്‍പ് വിജയ് കാൽ തെന്നി വീഴുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കാറിലേക്ക് കയറ്റി.
വിജയ്ക്ക് പിന്നാലെയെത്തിയ മമിത ബൈജുവിന് നേരെയും ആരാധകരും പാപ്പരാസികളും വന്നിരുന്നു. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്. സിനിമാ താരങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ചുറ്റും കൂടുന്ന ആരാധകര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം മലേഷ്യയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ ഏകദേശം ഒരു ലക്ഷത്തോളം ആരാധകരാണ് പങ്കെടുത്തത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ് ജനനായകൻ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് വേദിയില്‍ പ്രഖ്യാപിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ, പൊങ്കൽ റിലീസായി ജനുവരി 9-ന് റിലീസ് ചെയ്യും.