തന്മാത്രയിലെ ഇന്‍റിമേറ്റ് രംഗത്തെ പറ്റി തുറന്നുസംസാരിച്ച് നടി മീര വാസുദേവ്. പല സീനിയർ താരങ്ങളെയും ബന്ധപ്പെട്ടെങ്കിലും ഈയൊരു സീനിന്റെ പേരിൽ മാത്രമാണ് അവര്‍ സിനിമ വേണ്ടെന്ന് വച്ചെന്നും എന്നാല്‍ തനിക്ക് ആ രംഗത്തിന്‍റെ പ്രസക്തി മനസിലായെന്നും മീര പറഞ്ഞു. സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ കുറച്ച് ആളുകൾ മാത്രമേ പാടുള്ളുവെന്നും തന്റെ സ്വകാര്യ ഭാഗങ്ങൾ മറഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും തനിക്ക് തന്ന വാക്ക് അതേപോലെ അവർ പാലിച്ചുവെന്നും മീര പറഞ്ഞു. മോഹന്‍ലാല്‍ അടക്കം എല്ലാവരും തന്‍റെ കംഫര്‍ട്ടിനാണ് പ്രാധാന്യം നല്‍കിയതെന്നും മനോരമ ഓൺലൈനിന്റെ പ്രത്യേക വിഡിയോ പ്രോഗ്രാമായ ‘റിവൈൻഡ് റീൽസി’ല്‍ മീര പറഞ്ഞു. 

‘തന്മാത്രയുടെ ആദ്യത്തെ മീറ്റിങ്ങിൽ കഥ പറയുന്നതിനൊപ്പം തന്നെ എന്നോട് ആ രംഗത്തെക്കുറിച്ച് ബ്ലെസി സർ പറഞ്ഞിരുന്നു. നിങ്ങൾ നോ പറഞ്ഞാലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. പല സീനിയർ താരങ്ങളെയും ബന്ധപ്പെട്ടെങ്കിലും ഈയൊരു സീനിന്റെ പേരിൽ മാത്രമാണ് അവര് സിനിമ വേണ്ടെന്ന് വച്ചത് എന്നും എന്നോട് പറഞ്ഞു. എന്നെക്കാൾ മികച്ച താരങ്ങളെ കിട്ടിയിട്ടും ഈ സീനിന്റെ പേരിൽ അവരെ വേണ്ടെന്നുവച്ചിട്ടുണ്ടെങ്കിൽ എനിക്ക് ആ സീനിന്റെ പ്രസക്തി മനസിലാകുമെന്ന് ഞാൻ പറഞ്ഞു. ആ സീൻ മികച്ചതാക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു.

സീൻ ഷൂട്ട് ചെയ്യുമ്പോൾ അവിടെ കുറച്ച് ആളുകൾ മാത്രമേ ഉള്ളൂവെങ്കിൽ എനിക്ക് പെർഫോം ചെയ്യാൻ കൂടുതൽ സൗകര്യമായിരുന്നു എന്ന് ഞാൻ ബ്ലെസി സാറിനോട് പറ‍ഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങൾ മറഞ്ഞിരിക്കണമെന്നും ഞാൻ പറഞ്ഞു. എനിക്ക് തന്ന വാക്ക് അതേപോലെ അവർ പാലിച്ചു. ബ്ലെസി സാറും അസോസിയേറ്റും ക്യാമറാമാനും ഫോക്കസ് പുള്ളറും മാത്രമാണ് ആ സീൻ ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുകയായിരുന്നു. 

ഷൂട്ട് നടക്കുന്ന സമയത്ത് ഞാനും മോഹൻലാൽ സാറും പരസ്പരം കംഫർട്ട് ആക്കാനാണ് നോക്കിയത്. മോഹൻലാൽ അടക്കം എല്ലാവരും എന്റെ കംഫർട്ടിനാണ് അന്ന് മുൻതൂക്കം നൽകിയത്. അതുകൊണ്ട് എനിക്ക് ആ സീൻ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പക്ഷേ, ആ സീൻ പിന്നീട് ഒരുപാട് നെഗറ്റീവ് രീതിയിൽ പ്രചരിക്കപ്പെട്ടു. പിന്നെ ഇതൊക്കെയും പ്രഫഷനൽ കാര്യങ്ങളാണ്. വ്യക്തിപരമായി ഇവിടെ ഒന്നുമില്ല,' മീര പറഞ്ഞു. 

ENGLISH SUMMARY:

Meera Vasudev opens up about the intimate scene in Thanmathra. She discusses the importance of creating a comfortable environment during filming and the professional approach taken by Mohanlal and the crew.