സോഷ്യല്‍ മീഡിയയെ അമ്പരിപ്പിച്ച് നടന്‍ വിദ്യുത് ജംവാലിന്‍റെ വിഡിയോ. തന്‍റെ കണ്ണ് കെട്ടിയ ശേഷം ഉരുകിയ മെഴുകുതിരിയിലെ മെഴുക് മുഖത്തേക്ക് ഒഴിക്കുന്ന വിഡിയോ ആണ് താരം പങ്കിട്ടത്. പരമ്പരാഗതമായ പച്ച കരയുള്ള മുണ്ടും പച്ച ഷർട്ടുമാണ് താരം ധരിച്ചിരുന്നത്. 

വാദ്യമേളങ്ങള്‍ക്കൊപ്പം ഇരുന്ന് ശരീരം കൊണ്ട് ഒന്ന് താളത്തില്‍ ചലിച്ച ശേഷം കത്തിക്കൊണ്ടിരിക്കുന്ന രണ്ട് മെഴുകുതിരികള്‍ മുഖത്തേക്ക് ചരിച്ചുപിടിക്കുകയായിരുന്നു വിദ്യുത്. കളരിപ്പയറ്റ്, യോഗ എന്നീ പുരാതന കലകളുടെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് വിദ്യുത് കുറിച്ചത്. ശാരീരികവും മാനസികവുമായ പരിമിതികളെ മറികടക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ വിദ്യുതിനെ പ്രശംസിച്ച് ഒട്ടേറെപ്പേരാണ്  രംഗത്തെത്തിയത്. താരത്തിന്‍റെ സഹനശക്തിയെ ചിലർ പ്രശംസിച്ചപ്പോൾ, ഇത്രയും അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നതിലുള്ള ആശങ്കയും ചിലര്‍ കമന്‍റ് ചെയ്തു. 

അതേസമയം നടൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. കിറ്റാകോ സകുരായ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്‌ഷൻ ചിത്രം സ്ട്രീറ്റ് ഫൈറ്ററിലൂടെയാണ് വിദ്യുതിന്റെ അരങ്ങേറ്റം. കാപ്കോമിന്‍റെ വിഡിയോ ഗെയിം സീരീസായ സ്ട്രീറ്റ് ഫൈറ്ററിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

ENGLISH SUMMARY:

Vidyut Jammwal is showcasing his intense training and dedication through a viral video. The video highlights his commitment to traditional arts and his upcoming Hollywood debut.