കൊച്ചിയിൽ നടുറോഡിൽ ബ്ലേഡും സ്ട്രോയുമുപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ച് വൈറലായിരിക്കുകയാണ് 3 ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ തോമസ് എന്നിവരുടെ സമയോചിത ഇടപടെലാണ് കൊല്ലം സ്വദേശിയായ ലിനുവിനെ രക്ഷിച്ചത്.
ഈ കാര്യം വൈറലായതോടെ വീണ്ടും സൈബറിടത്ത് ട്രെൻഡിങ് ഒരു വിജയ് ചിത്രമാണ് . ആറ്റ്‌ലി സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ മെർസൽ എന്ന സിനിമ . ചിത്രത്തില്‍ ഡോ. മാരൻ എന്ന കഥാപാത്രത്തെ വിജയ് അവതരിപ്പിച്ചായിരുന്നു. 5 രൂപയ്ക്ക് ആളുകളെ സേവിക്കുകയും സംസ്ഥാനമൊട്ടാകെ മെഡിക്കൽ കൗൺസിൽ സ്ഥാനം നേടുകയും ചെയ്യുന്ന ഒരു ഡോക്ടായിട്ടാണ് വിജയ് എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന രംഗത്ത് ജ്യൂസ് കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് കുഴഞ്ഞ് വീഴുന്നയാളെ വിജയ് രക്ഷിക്കുന്നുണ്ട്. ഒരു ബ്ലേഡും സ്ട്രോയുമുപയോഗിച്ച് വിജയ് പെട്ടന്ന് ശസ്ത്രക്രിയ നടത്തിയാണ് അവരെ രക്ഷിക്കുന്നത്.
എന്നാല്‍ ചിത്രം പുറത്ത് ഇറങ്ങിയ സമയത്ത് ഈ രംഗത്തിന് വ്യാപക ട്രോളായിരുന്നു. എന്നാല്‍ ഇന്ന് കൊച്ചിയിൽ നടുറോഡിൽ ബ്ലേഡും സ്ട്രോയുമുപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയതോടെ ഈ രംഗം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സിനിമ പ്രേമികള്‍