TOPICS COVERED

മനുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് മമ്മൂട്ടി. മതങ്ങളെ വിശ്വസിക്കുന്നതില്‍ വിരോധമില്ലെന്നും പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തില്‍ ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, രോഗങ്ങള്‍ക്കുമില്ല. എന്നാല്‍ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തന്നെയാണെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ വാക്കുകള്‍

നമ്മള്‍ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്നത്. പക്ഷേ എനിക്ക് തോന്നുന്നത് മതങ്ങളെ നമ്മള്‍ ഉദ്ദരിക്കേണ്ട. നമ്മള്‍ മനുഷ്യരെ വിശ്വസിക്കുകയല്ലേ നല്ലത്. മനുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം. മതങ്ങളെ വിശ്വസിച്ചോട്ടെ വിരോധമില്ല. പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണം, നമ്മള്‍ ഒന്നിച്ചുജീവിക്കേണ്ടവരാണ്, കാണേണ്ടവരാണ്. നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തിന്‍റെ എനര്‍ജികൊണ്ട് ജീവിക്കുന്നവരാണ്. 

സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല ജാതിയുമില്ല, രോഗങ്ങള്‍ക്കുമില്ല. എന്നാല്‍ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തന്നെയാണെന്നാണ് എന്‍റെ വിശ്വാസം. 

ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പറയുന്നത് പരസ്പര സ്നേഹത്തെക്കുറിച്ചാണ്. സ്നേഹം ഉണ്ടാകുന്നത് തന്നെ നമ്മുടെ ഉള്ളിലെ പൈശാചികമായ പാപത്തെ ദേവഭാവത്തിലേക്ക് നമ്മള്‍ തിരിച്ചറിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നത്. പക്ഷേ അപൂര്‍വ്വം ചില ആളുകള്‍ക്കേ ആ സിദ്ധിയുള്ളു. ലോകം മുഴുവന്‍ അങ്ങനെ ആയിതീരണമെന്ന് ആഗ്രഹിക്കുന്നത് ഒരു അത്യാഗ്രഹമാണ്. നമ്മുടെ ഉള്ളില്‍ തന്നെയുള്ള നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ നമ്മള്‍ ജയിച്ചാലേ ഈ ലോകത്ത് നന്മയുണ്ടാകൂ. അത് തന്നെയാണ് നമ്മുടെ സംസ്കാരവും പറയുന്നത്.

ENGLISH SUMMARY:

Mammootty emphasizes that the greatest religion is believing in each other. He highlights the importance of mutual trust and coexistence, stating that humans share the same air and sunlight, transcending religious and caste distinctions.