മലയാളത്തിന്‍റെ പ്രിയ താരം ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ് നടൻ പാർത്ഥിപൻ രാധാകൃഷ്ണൻ നടത്തിയ യാത്രയെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ദുബായ് യാത്ര മാറ്റിവച്ച്, മരണത്തെ പോലും മുഖാമുഖം കണ്ടുകൊണ്ട് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് നടത്തിയ യാത്രയുടെ വിവരണം ഉള്ളുപൊള്ളിക്കും. 

ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കിടയിൽ തന്നെ ആരും തിരിച്ചറിയില്ലെന്ന് കരുതിയെങ്കിലും, അവിടെയുണ്ടായിരുന്ന സംവിധായകൻ രാജേഷ്, തന്നെ തിരിച്ചറിഞ്ഞ് മെസേജ് അയച്ചെന്നു കുറിച്ചു. ‘എല്ലാ നായകന്മാർക്കും ഇടയിൽ നിങ്ങളായിരുന്നു യഥാർഥ താരം’ എന്ന് രാജേഷ് അയച്ച സന്ദേശം പങ്കുവച്ചുകൊണ്ടാണ് പാർത്ഥിപൻ പ്രിയപ്പെട്ട ശ്രീനി സാറിന് ആദരവ് നൽകാനായി നടത്തിയ സാഹസിക യാത്രയെക്കുറിച്ച് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്

കുറിപ്പ് 

‘ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആ യാത്ര കേവലം ഒരു സഞ്ചാരമായിരുന്നില്ല; അത് വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം, ഉള്ളിലെന്തോ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. രാത്രി 7:55-ന് എന്റെ ബെൻസ് കാറിന്റെ സ്റ്റിയറിങ് പിടിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രം, ഒരു നോക്ക് കാണണം. 8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്. ഓരോ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോഴും, എന്നെ മുന്നോട്ട് നയിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു.

രാത്രി 8:50-ന്റെ വിമാനത്തിൽ സീറ്റുകളില്ലായിരുന്നു. നിസ്സഹായനായി ഞാൻ ഇൻഡിഗോ മാനേജരോട് പറഞ്ഞു: ‘‘എന്നെ എങ്ങനെയെങ്കിലും ഈ വിമാനത്തിൽ കയറ്റൂ, പൈലറ്റിന്റെ സീറ്റിലായാലും എനിക്ക് കുഴപ്പമില്ല.’’ പകുതി തമാശയായിരുന്നെങ്കിലും എന്റെ ഉള്ളുരുകുന്നുണ്ടായിരുന്നു. ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ എനിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുതന്നു. ആ കരുണയ്ക്ക് മുന്നിൽ ഞാൻ ഇന്നും കടപ്പാടുള്ളവനാണ്. രാത്രി 11 മണിയോടെ കൊച്ചിയിലെ മണ്ണിൽ കാലുകുത്തുമ്പോൾ എവിടെ തങ്ങണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്കറിയില്ലായിരുന്നു. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഞാൻ അഭയം തേടി. യഥാർഥത്തിൽ ആ രാത്രി ഞാൻ ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനു വേണ്ടി ഞാൻ എല്ലാ ബുക്കിങുകളും റദ്ദാക്കി.

എന്തിനായിരുന്നു ഈ പരക്കംപാച്ചിൽ? എനിക്ക് എവിടെയിരുന്ന് വേണമെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. പക്ഷേ, ഉള്ളിലെന്തോ ഒന്ന് എന്നെ വല്ലാതെ വലിച്ചുകൊണ്ടിരുന്നു. ‘ഞാൻ എന്തിനാണ് ഇത്രയും ദൂരം ഓടിയെത്തിയത്?’ എന്ന് സ്വയം ചോദിക്കുമ്പോഴും, ആ ചോദ്യത്തിന് യുക്തിയേക്കാൾ കൂടുതൽ വൈകാരികതയുടെ ഉത്തരമാണുണ്ടായിരുന്നത്. അവിടെ മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും, അതോടൊപ്പം തന്നെ ദിലീപും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് സമ്പത്തും പ്രശസ്തിയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് എന്റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു; അത്യധികം ബഹുമാനം അർഹിക്കുന്ന ഒരു മഹാപ്രതിഭയായിരുന്നു, ഒരു ശുദ്ധാത്മാവായിരുന്നു. എന്റെ കയ്യിൽ ആ പ്രിയ സുഹൃത്തിന് നൽകാൻ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. പ്രശസ്തിയായിരുന്നില്ല എന്റെ ലക്ഷ്യം, മറിച്ച് ഈ പ്രവൃത്തി പ്രപഞ്ചത്തിന്റെ താളുകളിൽ അടയാളപ്പെടുത്തണം എന്നതായിരുന്നു. ആത്മാർഥതയോടെ നാം ഒന്ന് ചെയ്യുമ്പോൾ, സാക്ഷിയായി പ്രപഞ്ചം മാത്രം മതിയാകും.

തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സമാധാനവും കണ്ടെത്തിയിരുന്നു. എന്നാൽ ‘എസ്കേപ്പ് ഫ്രം ഉഗാണ്ട’ എന്ന സിനിമയിൽ ഒപ്പം പ്രവർത്തിച്ച സംവിധായകൻ രാജേഷ് ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് അദ്ദേഹം മെസ്സേജ് അയയ്ക്കുകയും ചെയ്തു. അദ്ദേഹം അയച്ച വാക്കുകൾ എന്റെ കണ്ണുനിറച്ചു: ‘‘ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും വലിയ സന്തോഷം തോന്നി. പവിത്രമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം ഓടിയെത്തിയത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. ഒരു നല്ല മനുഷ്യൻ, ഒരു യഥാർഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്പർശിച്ചു. വലിയൊരു ആലിംഗനം, വലിയ ബഹുമാനം.ഇന്ന് നിങ്ങൾ എനിക്കൊരു വലിയ ജീവിത തത്വം പഠിപ്പിച്ചു തന്നു, ഒരു പാഠത്തേക്കാൾ ഉപരി ഒരു ഫിലോസഫി. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും.അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ താരം. അവരെല്ലാം പുതുതലമുറ, ജെൻ സി കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോകുകയാണ്. ഒരു യഥാർഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചു കൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ ഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സങ്കടമായി.’’ രാജേഷ് എനിക്കയച്ച മെസേജുകളാണിവ. ആ വാക്കുകൾ നിശബ്ദമായി എന്റെയുള്ളിൽ തങ്ങിനിൽക്കുന്നു. ആരുമറിയാതെ വന്ന്, ആദരവ് അർപ്പിച്ച് മടങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു. ശുഭനിദ്ര, സുഹൃത്തുക്കളേ.’– പാർത്ഥിപൻ കുറിച്ചു

ENGLISH SUMMARY:

Parthiban's Sreenivasan tribute highlights the actor's heartfelt journey to pay respects. The Tamil actor traveled from Chennai to Kochi to bid farewell to the Malayalam film icon, showcasing a deep bond of friendship.