പ്രതിച്ഛായ വകവയ്ക്കാതെയുള്ള എഴുത്തും അഭിനയവുമാണ് സിനിമയില്‍ ശ്രീനിവാസന് മലയാളിക്ക് മുന്നിലുള്ള പൊതുബോധ്യം. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ശ്രീനിവാസൻ കുറിച്ചിട്ട വരികൾ വാണിജ്യ സിനിമയിലെ ക്ലാസിക്കുകളായി. 77 ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയത്തിൽ ഡിപ്ലോമയെടുത്തതിനൊപ്പം സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയ ശ്രീനിവാസൻ പക്ഷേ ഇന്നോളം ചർച്ച ചെയ്യപ്പെട്ടത് എഴുത്തിന്‍റെ വഴിയിലാണ്. പി.എ.ബക്കറിന്‍റെ മണിമുഴക്കത്തിൽ തുടങ്ങിയ അഭിനയജീവിതം അവസാനം വരെ തുടർന്നപ്പോഴും കഥ തിരക്കഥ ശ്രീനിവാസനെന്ന ലേബൽ താരമൂല്യത്തിനും മുകളിലായിരുന്നു.
ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിൽ തുടങ്ങി വരവേൽപും സന്ദേശവും പിന്നെ ഇന്നോളം എഴുതിയ ഗഹനമായ വിഷയങ്ങളൊക്കെയും ശ്രീനിവാസൻ നമ്മളോട് പറഞ്ഞത് അടിയുറച്ച നർമബോധത്തിലൂന്നിയാണ്. തൊഴിലില്ലായ്മയും രാഷ്ട്രീയ അതിപ്രസരവും അടക്കമുള്ള വിഷയങ്ങൾ സിനിമകൾക്ക് പ്രചോദനവും പ്രമേയവുമായപ്പോൾ കലാകാരനിൽ കവിഞ്ഞ് വിമർശനമുന്നയിച്ച മാധ്യമപ്രവർത്തകനായികൂടി പ്രിയദര്‍ശന്‍– സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ എഴുത്തില്‍ ശ്രീനിവാസനെ കാണാം . ടി.പി.ബാലഗോപാലൻ എംഎ, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടി കാറ്റ്, പട്ടണപ്രവേശം, വെള്ളാനകളുടെ നാട് തുടങ്ങി നമ്മുടെ പരിസരവും നമുക്ക് പരിചിതമായതൊക്കെയും ചിന്തയ്ക്ക് വകനൽകി ശ്രീനിവാസൻ എഴുതിവച്ചു. കാലാതിവർത്തിയായ സന്ദേശം മലയാളത്തിന്റെ കമേഴ്‌സ്യൽ ക്ളാസിക്കായികൂടി വിലയിരുത്തപ്പെടുന്നതും ആ രീതിയിലാണ്.
മുടക്കിയ കാശിന് മുതൽക്കൂട്ടാവുന്ന കഥയും തിരക്കഥയും എഴുതിനൽകി വാണിജ്യസിനിമയുടെ ഭാഗമായപ്പോഴും ശ്രീനിവാസൻ എഴുത്തിൽ വെള്ളം ചേർത്തില്ല. വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും ഇന്നും നമ്മെ നോക്കി പല്ലിളിക്കുമ്പോൾ സംവിധായകൻ എന്നതിനപ്പുറം നായകസ്ഥാനത്ത് സ്വയം അപഹാസ്യനായി പ്രതിഷ്ഠിച്ച് കൊട്ടിഘോഷിക്കപ്പെട്ട മലയാളി പൗരുഷത്തിന്‍റെ മറുപുറംകൂടി ശ്രീനിവാസൻ തുറന്നുകാട്ടുകയായിരുന്നു. സിനിമയ്ക്കുള്ളിലെ കാപട്യങ്ങളിലേക്കും ആ വിമർശനം നീണ്ടപ്പോൾ സംഭവിച്ചതാണ് ഉദയനാണ് താരം. സിനിമയോടും സിനിമാക്കാരനോടുമുള്ള ഇഷ്ടം ആപേക്ഷികമാകുമ്പോഴും താരമൂല്യത്തിനപ്പുറം നടനും തിരക്കഥാകൃത്തുമെന്ന നിലയില്‍ പ്രേക്ഷകരോട് വ്യക്തിബന്ധം ഉണ്ടാക്കിയെടുത്ത അപൂര്‍വരില്‍ ഒരാള്‍കൂടിയാണ് ശ്രീനിവാസന്‍.