തന്‍റെ പ്രിയപ്പെട്ട വിജയനെ കാണാന്‍ ദാസന്‍ എത്തി. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി വന്ന മോഹന്‍ലാല്‍ നിറകണ്ണുകളോടെ ശ്രീനിയെ കണ്ടു. തൊട്ടരികെ മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും. വിനീതിനെയും ധ്യാനിനെയും ആശ്വസിപ്പിച്ച മോഹന്‍ലാല്‍ ശ്രീനിവാസന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഏകനായി. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ശ്രീനിവാസനുമായുള്ള സ്നേഹബന്ധമെന്നും അദ്ദേഹവുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാവില്ലെന്നും മോഹൻലാൽ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഉദയംപേരൂരിലെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ.