‘കഥപറയുമ്പോള്‍’ എന്ന സിനിമയുടെ അവസാനഭാഗം. തന്നെ സൂപ്പര്‍ സ്റ്റാറാക്കിയ പ്രിയ കൂട്ടുകാരന്‍ ബാലനെത്തേടി ഒടുവില്‍ അശോക് കുമാര്‍ അയാളുടെ ഒന്നുമില്ലായ്മകളിലേക്കും സങ്കടങ്ങളിലേക്കും എത്തുകയാണ്. ഹൃദയം തൊട്ട സൗഹൃദത്തിന്‍റെ വൈകാരികമായ നേര്‍ക്കാഴ്ച. ബാര്‍ബര്‍ ബാലന്‍ തനിക്ക് ആരായിരുന്നു എന്ന് സൂപ്പര്‍ സ്റ്റാര്‍ അശോക് കുമാര്‍ ഇടര്‍ച്ചയോടെ കണ്ണുനിറഞ്ഞ് പറയുമ്പോള്‍ കാഴ്ചക്കാരും ആ ഗാഢബന്ധത്തിന്‍റെ ഊഷ്മളതയിലേക്ക് അറിയാതെ പതിച്ച് കണ്ണുനിറച്ചുപോകും. ‘കഥ പറയുമ്പോള്‍’ എന്ന തിരക്കഥയിലെ ബാര്‍ബര്‍ ബാലനും അശോക് കുമാറും തമ്മിലുള്ള ഹൃദയബന്ധത്തിന് ആധാരം യഥാര്‍ഥ ജീവിതത്തിലെ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം തന്നെയായിരുന്നുവെന്ന് ശ്രീനിവാസന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാനെത്തുമ്പോൾ ശ്രീനിവാസൻ അറിയപ്പെടുന്ന നടനായി മാറിക്കഴിഞ്ഞിരുന്നു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’യിലേക്ക് മമ്മൂട്ടിയുടെ പേര് നിര്‍ദേശിച്ചതും പ്രതിഫലത്തുക നല്‍കിയതും ശ്രീനിവാസനായിരുന്നു. ഒരുപക്ഷേ സിനിമാനടനെന്ന നിലയില്‍ മമ്മൂട്ടിക്ക് ലഭിക്കുന്ന ആദ്യത്തെ ഉയര്‍ന്ന പ്രതിഫലവും അതാണ്. മേളയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു. 1982ല്‍ പുറത്തിറങ്ങിയ ‘വിധിച്ചതും കൊതിച്ചതും’ 83ല്‍ പുറത്തിറങ്ങിയ ‘ഒരു മാടപ്രാവിന്റെ കഥ’ എന്നീ ചിത്രങ്ങളിലും ശ്രീനിവാസനാണ് മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത്.
തന്‍റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ 2000രൂപ നല്‍കിയത് മമ്മൂട്ടിയാണെന്ന് ഒരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. പണം കൊടുത്തുകൊണ്ട് മമ്മൂട്ടി ശ്രീനിവാസനോട് പറഞ്ഞു ‘കല്യാണത്തിന് ഞാന്‍ വരും’. ‘വരരുത്, വന്നാല്‍ കല്യാണം കലങ്ങും’ എന്നായിരുന്നു ശ്രീനിവാസന്‍റെ മറുപടി. എന്തായാലും വരുമെന്നായി മമ്മൂട്ടി. അപ്പോഴേക്കും നായകനായി വളര്‍ന്നുകഴിഞ്ഞിരുന്ന മമ്മൂട്ടി തന്‍റെ വിവാഹത്തിന് വന്നാല്‍ ആളുകൂടി പ്രശ്നമാകും ദ്രോഹിക്കരുത് എന്നായി ശ്രീനിവാസന്‍. എങ്കില്‍ വരുന്നില്ല എന്ന് മമ്മൂട്ടി സമ്മതിച്ചു. ഇതേക്കുറിച്ച് പിന്നീടൊരിക്കല്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ ‘എനിക്കാദ്യം പണം നല്‍കിയത് പുള്ളിയാണ്, മേളയിൽ അഭിനയിച്ചതിന് 500 രൂപയുടെ ചെക്ക് ഏൽപ്പിച്ചത് ശ്രീനിവാസനാണ്. അപ്പോ പുള്ളി എവിടുന്ന് പൈസ വാങ്ങിക്കാനാ’ എന്നായിരുന്നു ഒരഭിമുഖത്തില്‍ ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയില്‍ ജീവിതത്തിലും എന്നും സൗഹൃദം സൂക്ഷിച്ചവരായിരുന്നു അവരിരുവരും. ശ്രീനിവാസന്‍ ആശുപത്രിയിലെത്തിയപ്പോഴും മമ്മൂട്ടി ഓടിയെത്തി. ഒടുവില്‍ സിനിമയില്‍ ബാലനെ കാണാന്‍ അശോക് കുമാര്‍ എത്തിയതോടെ അവസാനയാത്രയിലും പ്രിയ സുഹൃത്തിനെ ഒരു നോക്ക് കാണാന്‍, കണ്ട് യാത്ര പറഞ്ഞ് പിരിയാന്‍ മമ്മൂക്ക എത്തി. അത് യഥാര്‍ഥ ജീവിതത്തിലെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായി.