മലയാളിയുടെ നര്‍മബോധത്തിന്‍റെ  ആഴമറിഞ്ഞ് സിനിമ സൃഷ്ടിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസന്‍. കേട്ടും കണ്ടും  ഓര്‍ത്തോര്‍ത്തും ശ്രീനിയുടെ  ഓരോ വാക്കുകളും ചലനങ്ങളും സിനിമാ ആസ്വാദകര്‍ കൂടെക്കൂട്ടുന്നു. മലയാളിയുടെ ഭാഷാശൈലിയില്‍ വരെ ശ്രീനിവാസന്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. Also Read: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു



ശ്രീനിവാസന്‍റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചപ്പോൾ അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും സംസ്കാരത്തിലേക്കും ഭാഷയിലേക്കും കൂടി സംക്രമിക്കുകയായിരുന്നു. സാമൂഹ്യവിമർശനത്തിനും പരിഹാസത്തിനും  നേരമ്പോക്കിനുമെല്ലാം മലയാളിക്ക് ശ്രീനിയുടെ ഭാഷ കൂട്ടായി.

അത്തരത്തിൽ സിനിമയ്ക്കപ്പുറം കടന്ന ഡയലോഗുകള്‍ പുതുപുത്തന്‍ സോഷ്യല്‍മീഡിയ കാലത്തും ആവേശമാവുകയാണ്.

‘അങ്ങനെ പവനായി ശവമായി’ എന്ന നാടോടിക്കാറ്റിലെ  തിലകന്‍റെ  ഡയലോഗ്  പതിറ്റാണ്ടുകള്‍ക്ക് ശേഷവും കാലാതീതമയി നിലകൊള്ളുന്നു.  ‘നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞെതെന്താ’ എന്ന ഇതേ ചിത്രത്തിലെ ഡയലോഗ്  ശുഭപ്രതീക്ഷയുള്ളിടത്തെല്ലാം  നമ്മള്‍ എടുത്തു പ്രയോഗിക്കുന്നു.   

ഞാനീ പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോയെന്ന ഡയലോഗ് ഇന്നും കൂട്ടുകാര്‍ക്കിടെയിലെ നര്‍മതാളം ഏറ്റുന്നവയാണ്. ‘അക്കരെയക്കരെയക്കരെ’ എന്ന ചിത്രത്തിലെ മീനവിയൽ എന്തായി എന്തോ? എന്ന സംശയം ഇന്നും മലയാളിക്ക് തീര്‍ന്നില്ല. സാധനം കൈയ്യിലുണ്ടോ ?എന്ന ഡയലോഗ് രഹസ്യങ്ങളയും ദുരൂഹതകളേയും ഏറ്റുംവിധത്തില്‍ പ്രയോഗിക്കപ്പെട്ടു.

പോളണ്ടിനെക്കുറിച്ച് നീയൊരക്ഷരം മിണ്ടരുത്‌, ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക തുടങ്ങി സന്ദേശത്തിലെ രാഷ്ട്രീയ വാക്പോരുകള്‍ ഇന്നും  രാഷ്ട്രീയക്കാരെ ട്രോളാന്‍  ഉപയോഗിക്കുന്നുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന ഉദയനാണ് താരത്തിലെ ശ്രീനിയുടെ ഡയലോഗ്  അപകര്‍ഷതാബോധമുള്ള എല്ലാവരോടുമായാണ് .

വഴിയറിയില്ലെങ്കില്‍ ചോയിച്ചുചോയിച്ചു പോവാനും അറിയാത്ത കാര്യങ്ങളിലും ‘കാമറയും കൂടെ ചാടട്ടെ’ എന്ന് ആത്മവിശ്വാസത്തോടെ വച്ചങ്ങ് കാച്ചാനുമുള്ള ധൈര്യം തന്നത് സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെ. അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ, പാലുകാച്ചൽ ..കല്യാണം, അങ്ങനെ എന്തും ഏതും ഏതുനേരത്തും പറയാവുന്ന തോതില്‍ മലയാളിയെ പഠിപ്പിച്ചു. ശ്രീനിവാസന്‍ പറഞ്ഞതും പറയിപ്പിച്ചതുമെല്ലാം നമ്മള്‍ നെ‍ഞ്ചോട് ചേര്‍ത്തുവച്ചത് ആ വാക്കുകളിലെ നര്‍മരസം കൊണ്ടു മാത്രമായിരുന്നില്ല, ഓരോ മലയാളിയുടേയും ജീവിതവുമായി അവ അത്രമേല്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്നതു കൊണ്ടുകൂടിയായിരുന്നു.

ENGLISH SUMMARY:

Sreenivasan's dialogues are deeply ingrained in Malayalam culture and cinema. His witty and relatable lines continue to resonate with audiences, reflecting the essence of everyday life.