sreeni-film

TOPICS COVERED

ശ്രീനിവാസന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയും ഞെട്ടലോടെയുമാണ് മലയാളികള്‍ കേട്ടത്. മലയാളം കണ്ട ഏറ്റവും സ്വാഭാവികതയോടെ അഭിനയിക്കുന്ന നടന്‍, അതാണ് മലയാളിക്ക് ശ്രീനിവാസന്‍. അഭിനയത്തിലും സംവിധാനത്തിലും തിരക്കഥയിലും കണ്ട ശ്രീനി ടച്ച് മലയാളികള്‍ പൂര്‍ണമനസോടെ സ്വീകരിച്ചു. മുകള്‍ത്തട്ടിലുള്ളവരുടെ ജീവിതം തനിക്കറിയില്ലെന്നും താന്‍ കണ്ട ഇടത്തരക്കാരുടെ മനസാണ് തന്റെ സിനിമകളില്‍ നിറഞ്ഞതെന്നും ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞു.  

അതുപോലെ തന്നെ തന്റെ സൗന്ദര്യത്തില്‍ വലിയ അപകര്‍ഷതാ ബോധമുള്ളയാളാണെന്നും ശ്രീനി തുറന്നുപറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ് തന്റെ സൗന്ദര്യമില്ലായ്മയെന്നും സ്വന്തമായുള്ള അപകർഷതാ ബോധമാണ് വടക്കുനോക്കിയന്ത്രം പോലുള്ള സിനിമകൾ ചെയ്തതിനു കാരണമെന്നും ശ്രീനി തുറന്നുപറഞ്ഞു. 

താന്‍ സിനിമയില്‍ വന്നതിനെക്കുറിച്ചും ഒരിക്കല്‍ ശ്രീനിവാസന്‍ തുറന്നുസംസാരിച്ചു. ‘സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമ മോഹിപ്പിച്ചിട്ടില്ല. നാടകനടനാകുകയെന്ന ലക്ഷ്യവുമായി നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനത്തിനു ശ്രമിച്ചു കിട്ടാതെയായപ്പോഴാണ് മദ്രാസിൽ സിനിമാഭിനയം പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്നറിയുന്നതും അവിടെ ചേരുന്നതും. അഭിമുഖസമയത്ത് രൂപം കണ്ട് സിനിമയ്ക്കു പറ്റില്ലെന്നു മനസ്സിലാക്കിയ സംവിധായകൻ രാമുകാര്യാട്ട് ഏറെ നിരുൽസാഹപ്പെടുത്തിയിരുന്നു. എന്നാൽ നാടകത്തിനു പ്രയോജനപ്പെടുമെന്നു പറഞ്ഞാണ് സിനിമാഭിനയം പഠിച്ചത്. പിന്നീട്, രാമുകാര്യാട്ടിന്റെ പേരിലുള്ള സംവിധായക പുരസ്കാരം ലഭിച്ചപ്പോൾ ചിരിയാണ് വന്നതെന്നും ശ്രീനിവാസന്‍ പറയുന്നു.

താന്‍ സിനിമയെടുക്കുന്നത് തന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണെന്നും പുരസ്കാരങ്ങള്‍ക്കു വേണ്ടിയല്ലെന്നും ഒരിക്കല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി  അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. 

ENGLISH SUMMARY:

Sreenivasan, a legendary Malayalam actor, passed away, leaving behind a void in the Malayalam film industry. His natural acting and relatable characters resonated deeply with the audience.