SATHYAN ANTHIKKAD
ജീവിതത്തിലെ തന്നെ രണ്ടാമത്തെ അധ്യായം ആരംഭിച്ചത് ടി.പി.ബാലഗോപാലന്‍ എംഎ എന്ന സിനിമയിലൂടെയാണെന്നും അതിന് കാരണക്കാരന്‍ ശ്രീനിവാസന്‍ ആയിരുന്നെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് . 'ശ്രീനിവാസന്‍ എന്ന എഴുത്തുകാരനും സുഹൃത്തും ഇല്ലെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാന്‍ ആകുമായിരുന്നില്ലെ'ന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. മലയാള സിനിമയുടെ ഏറ്റവും വലിയ നേട്ടമാണ് ശ്രീനിവാസനെന്നും ഉറ്റസുഹൃത്തിനെ സത്യന്‍ അന്തിക്കാട് വിശേഷിപ്പിക്കുന്നു. നടന്‍ അല്ലായിരുന്നുവെങ്കില്‍ എഴുത്തുകാരനെന്ന നിലയില്‍ ശ്രീനിവാസന്‍ ആഘോഷിക്കപ്പെട്ടേനെയെന്നും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചയായ ജീവിതം രേഖപ്പെടുത്തിയ ആളാണ് ശ്രീനിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ശ്രീനിവാസന്‍ ഒരു ജീനിയസാണെന്ന് പലരും പറഞ്ഞ് താന്‍ കേട്ടിട്ടുണ്ടെന്നും അമ്മ–മഴവില്‍ ഷോയ്ക്കിടെ അദ്ദേഹം പറഞ്ഞിരുന്നു. അക്കാലത്ത് താന്‍ നേരിട്ട് ശ്രീനിവാസനോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ചപ്പോള്‍ 'ഒരു ജീനിയസായി ജീവിക്കാന്‍ രാവിലെ എണീക്കുമ്പോള്‍ തൊട്ട് വൈകിട്ട് കിടന്ന് ഉറങ്ങുന്നത് വരെ ഞാന്‍ പെടുന്ന പാട് എന്താണെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു' ശ്രീനിവാസന്‍റെ മറുപടി.
റിയല്‍ ലൈഫ് കൃത്രിമമില്ലാതെ ആവിഷ്കരിക്കുന്ന എഴുത്തുകാര്‍ അപൂര്‍വമാണ്. ശ്രീനിവാസനുമൊത്ത് ചിലവഴിച്ച നേരങ്ങളില്‍ ജീവിതയാഥാര്‍ഥ്യങ്ങളെ കുറിച്ച് താന്‍ ഏറെ പഠിച്ചിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുത്തു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം, വരവേല്‍പ്പ്, പൊന്‍മുട്ടയിടുന്ന താറാവ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, തലയണമന്ത്രം, തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അക്കരെ അക്കരെ അക്കരെ തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച സിനിമകളില്‍ ചിലത്.