MOHANLAL
നടനും സുഹൃത്തുമായ ശ്രീനിവാസന്‍റെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് മോഹന്‍ലാല്‍. ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ് വിടവാങ്ങിയതെന്നും വിട്ടിട്ട് പോകുമ്പോള്‍ വലിയ സങ്കടമാണ് നിറയുന്നതെന്നും മോഹന്‍ലാല്‍ മനോരമന്യൂസിനോട് പറഞ്ഞു. ആ വിയോഗത്തില്‍ മറ്റുള്ളവരെക്കാള്‍ കുറച്ച് കൂടുതല്‍ ദുഃഖിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സ്നേഹത്തിന്‍റെ പ്രത്യേക സ്വാതന്ത്ര്യം ശ്രീനിയോട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് ശ്രീനിവാസനോട് ഉണ്ടായിരുന്നതെന്നും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ഒരുപാട് വര്‍ഷത്തെ ബന്ധമുള്ള ആളുകളല്ലേ ഞങ്ങളെല്ലാവരും. ഞാനായാലും പ്രിയന്‍ ആയാലും സത്യേട്ടനായാലും.. ഒരു യാത്രയില്‍ ഒരുമിച്ച് സഞ്ചരിച്ചവരാണ്. ഒരുപാട് സിനിമകള്‍ ചെയ്തവരാണ്. ഒരുപാട് വ്യക്തിപരമായ ബന്ധമുള്ളവരാണ്. സാധാരണ ഒരു ബന്ധമല്ലല്ലോ അത്.. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുള്ളരാണ്. ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്.
നല്ല സിനിമകള്‍ക്ക് വേണ്ടി ഒരുപാട് ശ്രമിക്കുകയും അത് പ്രൂവ് ചെയ്യുകയും ചെയ്ത വ്യക്തിയാണ് ശ്രീനിവാസനൊക്കെ..അങ്ങനെയൊരാള്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ വലിയ ഷോക്കാണ്. ശ്രീനിവാസനും അങ്ങനെ നമ്മുടെ മനസില്‍ പ്രത്യേകതയുള്ള , ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ്. അത് വിട്ടുപോകുമ്പോള്‍ വലിയ സങ്കടം തന്നെയാണ്'- മോഹന്‍ലാല്‍ പറഞ്ഞു. പലര്‍ക്കും ശ്രീനിവസനെ ഒരു ഗൗരവക്കാരനായാണ് തോന്നുക. പക്ഷേ വളരെയധികം തമാശ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ശ്രീനിയെന്നും ചാര്‍ലി ചാപ്ലിന്‍ സ്റ്റൈലിലെ ഹ്യൂമറായിരുന്നു ശ്രീനിവാസന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊട്ടിച്ചിരിയുടെ അകത്തും ഒരു വേദനയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.