പ്രഭാസ് നായകനാകുന്ന 'ദി രാജാസാബ് ' സിനിമയിലെ ഒാഡിയോ ലോഞ്ചിനിടെ നായിക നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദിൽ വച്ചു നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നടി ആരാധകർക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒരു വിധത്തിലാണ് കാറിൽ കയറി നടി രക്ഷപെടുന്നത്. നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സിനിമയുടെ ലോഞ്ച് ചടങ്ങിനുശേഷം പുറത്തിറങ്ങിയ നിധിയുടെ അടുത്തേക്ക് ആരാധകര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ പോലും തള്ളിമാറ്റിയാണ് ആൾക്കൂട്ടം നടിക്ക് നേരെ എത്തിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമെല്ലാം ആരാധകര്‍ ശ്രമിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു. മോശമായി പെരുമാറിയ ആരാധകരെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും വിമർശനം ഉയരുന്നുണ്ട്. പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും റിപ്പോർട്ടുണ്ട്.
പ്രഭാസിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാജാസാബ്. ടി.ജി. വിശ്വപ്രസാദ് നിര്‍മിച്ച് മാരുതിയാണ് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഗൻ റിദ്ധി കുമാർ എന്നവരും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി ഒമ്പതിന് തിയറ്ററുകളിലെത്തും.