Image Credit: Screengrab from Filmfare

വിവാഹമോചന വാര്‍ത്തകളെ കാറ്റില്‍പ്പറത്തി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പൊതുവിടത്തില്‍ ഒന്നിച്ചെത്തി. മകള്‍ ആരാധ്യ പഠിക്കുന്ന ധിരുഭായ് അംബാനി ഇന്‍റര്‍നാഷനല്‍ സ്കൂളിന്‍റെ വാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. കറുത്ത സല്‍വാര്‍ സ്യൂട്ടണിഞ്ഞാണ് ഐശ്വര്യ എത്തിയത്. അഭിഷേക് സാധാരണ കാഷ്വല്‍ വേഷത്തിലുമായിരുന്നു. അഭിഷേകാണ് പരിപാടി നടന്നയിടത്തേക്ക് ഐശ്വര്യയെ കൂട്ടിയെത്തിയത്. ഐശ്വര്യയുടെ അമ്മ ബ്രിന്ദ്യാ റായ് ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ആദ്യം എത്തിയിരുന്നു.

 വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ അഭിഷേക് കടുപ്പിച്ച് പ്രതികരിച്ച ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച്  പൊതുവിടത്തില്‍ എത്തുന്നത്. ' തീര്‍ത്തും അസംബന്ധവും അസത്യവുമാണ്' വിവാഹമോചന വാര്‍ത്തയെന്നായിരുന്നു അഭിഷേകിന്‍റെ പ്രതികരണം. ' നിങ്ങള്‍ പ്രശസ്തരായ വ്യക്തികളാണെങ്കില്‍ ഓരോ ചെറിയ കാര്യവും ജനങ്ങള്‍ ശ്രദ്ധിക്കും. ഊഹാപോഹങ്ങളും പ്രചരിക്കും. തീര്‍ത്തും തെറ്റായ അസംബന്ധങ്ങളാണ് പ്രചരിക്കുന്നത്. തരിമ്പ് പോലും അവയില്‍ സത്യമില്ല. മനപ്പൂര്‍വം ഉപദ്രവിക്കാന്‍ വേണ്ടി എഴുതിപ്പിടിപ്പിക്കുന്നതാണ്'- സ്വകാര്യ മാധ്യമത്തോട് അഭിഷേക് പ്രതികരിച്ചിരുന്നു.

വിവാഹത്തിന് മുന്‍പേ തന്നെ തന്‍റെയും ഐശ്വര്യയുടെയും കാര്യത്തില്‍ ആളുകള്‍ അതീവ തല്‍പരരായിരുന്നുവെന്നും താരം തുറന്നടിച്ചു. ' വിവാഹത്തിന് മുന്‍പ്, ഞങ്ങളുടെ വിവാഹ തീയതിയായിരുന്നു സംസാരം. വിവാഹം കഴിഞ്ഞതോടെ ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് അവര്‍ തീരുമാനിച്ചു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ക്കെന്‍റെ നേര് അറിയാം. എനിക്ക് അവളുടേതും. സ്നേഹം നിറഞ്ഞ കുടുംബമായാണ് ഞങ്ങള്‍ ജീവിക്കുന്നത്. അതില്‍ മാത്രമാണ് കാര്യം'- അഭിഷേക് പറഞ്ഞു. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തകള്‍ ബാധിക്കാറുണ്ടോയെന്ന ചോദ്യത്തിന് 'അതില്‍ സത്യത്തിന്‍റെ ഒരു തരി പോലുമില്ലല്ലോ, അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ വിഷമിച്ചുപോയേനെ' എന്നായിരുന്നു പ്രതികരണം. 

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. ബോളിവു‍ഡ് താരം നിമ്രദ് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്ന് വാര്‍ത്തകളും പരന്നു. അംബാനിക്കുടുംബത്തിലെ കല്യാണത്തിന് ഇരുവരും രണ്ടായി എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കമേറി. ഇതിന് പിന്നാലെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവച്ചതില്‍ അഭിഷേക് ഉണ്ടായിരുന്നില്ല. അഭിഷേക് മാത്രമല്ല, ബച്ചന്‍ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല. കാന്‍ ചലച്ചിത്ര മേളയില്‍ ഐശ്വര്യ ഇക്കുറി എത്തിയപ്പോഴും അഭിഷേകിന്‍റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Bollywood stars Aishwarya Rai and Abhishek Bachchan put divorce rumors to rest as they appeared together at Dhirubhai Ambani International School's annual day. The couple was joined by their daughter Aaradhya and Aishwarya's mother, Brindya Rai. Addressing the ongoing speculations, Abhishek Bachchan slammed the rumors as "entirely baseless and untrue," stating that he and Aishwarya share a loving family bond and ignore such "intentional" misinformation. This public appearance follows months of intense social media speculation regarding their separation.